ലോറിയിടിച്ച് ബൈക്ക് യാത്രികനായ തേഞ്ഞിപ്പലം സ്വദേശി മരിച്ചു

ചുണ്ടേല്‍ (വയനാട്): അമിത വേഗതയില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി പരേതനായ നമ്പംകുന്നത്ത് അഹമ്മദ്കുട്ടിയുടെ മകന്‍ അഷ്‌റഫാ(38)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ചുണ്ടേലിന് സമീപം ദേശീയപാതയിലായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തു നിന്നും വന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അഷ്‌റഫ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ച് വീണ അഷ്‌റഫിനെ നാട്ടുകാര്‍ ഉടന്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി കുന്നമംഗലത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗള്‍ഫിലായിരുന്ന അഷ്‌റഫ് ഈയടുത്താണ് അവധിക്ക് നാട്ടിലെത്തിയത്.

അഷ്‌റഫിന്റെ മാതാവ് ഹവ്വഉമ്മ. ഭാര്യ: ഫാസില. മക്കള്‍: അജ്മല്‍, അംജിത്ത്.