വാട്‌സ്‌ആപ്പ്‌ വിവാഹമോചനങ്ങള്‍ കൂടുന്നു

Untitled-1 copyലണ്ടണ്‍: സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം സ്വകാര്യജീവിതത്തിന്റെ താളം തെറ്റിക്കുന്ന തരത്തിലുള്ള നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കെയാണ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനായ വാട്‌സ്‌ ആപ്പും ഇതിനിടയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്‌. അടുത്തിടെ നടന്ന പല വിവാഹമോചന കേസുകളിലും വാട്‌സ്‌ആപ്പ്‌ വില്ലനായതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. വാട്‌സ്‌ആപ്പ്‌ വഴിയുള്ള അവിഹിത ബന്ധങ്ങളാണത്രെ പല ബന്ധങ്ങളും വിവാഹമോചനത്തില്‍ വരെ എത്തിച്ചിരിക്കുന്നത്‌.

പങ്കാളിയറിയാതെ സ്വകാര്യനിമിഷങ്ങളും, സ്വകാര്യ ഫോട്ടോകളും കാമുകനും, കാമുകിയും രഹസ്യമായി കൈമാറ്റം ചെയ്യപ്പെടുകയാണ്‌. ഇറ്റലിയില്‍ ഈ അടുത്തിടെ നടന്ന വിവാഹമോചന കേസുകളില്‍ 40 ശതമാനം ആളുകളും തെളിവായി ഹാജരാക്കിയത്‌ വാട്‌സ്‌ആപ്പ്‌ സന്ദേശങ്ങളാണ്‌.

ഏറെ സ്വകാര്യത പുലര്‍ത്തുന്ന വാട്‌സ്‌ആപ്പിലൂടെ ഒരേ സമയം ഒന്നിലധികം പേരുമായി അവിഹിത ഇടപെടല്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ചെറിയ സ്വരചേര്‍ച്ചകളുള്ള കുടുംബ ബന്ധങ്ങളുടെ അടിവേര്‌ ഇളക്കുകയാണ്‌ സോഷ്യല്‍ മീഡിയകള്‍ ചെയ്യുന്നതെന്നും പങ്കാളികളുടെ തെറ്റുകള്‍ തിരുത്തി ഒരുമിച്ച്‌ കൊണ്ട്‌ പോകാനുള്ള സാധ്യതയെ സോഷ്യല്‍മീഡിയ തടയിടുകയാണെന്നുമാണ്‌ പഠനം.