ഖത്തറില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 5 ടണ്‍ തണ്ണിമത്തന്‍ പിടികൂടി നശിപ്പിച്ചു

Untitled-1 copyദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കുവെച്ച അഞ്ച്‌ ടണ്‍ ഭക്ഷ്യയോഗ്യമല്ലാത്ത തണ്ണിമത്തന്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചു. ദിവസവും ആരോഗ്യവകുപ്പ്‌ നടത്തിവരാറുള്ള പരിശോധനയ്‌ക്കിടയിലാണ്‌ ഇവ പിടികൂടിയത്‌. രുചിയിലും നിറത്തിലും വ്യത്യാസം തോനിയതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇവ ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്ന്‌ കണ്ടെത്തിയത്‌.

അതെസമയം ഒരു കഷ്‌ണം തണ്ണിമത്തന്‌ അഞ്ച്‌ റിയാലാണ്‌ വിലയായി ഈടാക്കുന്നത്‌. ചൂട്‌ വര്‍ദ്ധിച്ചതോടെ തണ്ണിമത്തന്റെ ആവശ്യക്കാരും ഏറിയിരിക്കുകയാണ്‌. തണ്ണിമത്തന്‌ പുറമെ വിവിധ ഇനം പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ ധാരാളമായി ശരാശരി വിലനിലവാരത്തില്‍ ലഭ്യമാണ്‌. വിവിധ ഇനത്തില്‍പ്പെട്ട പ്രാദേശിക ഈത്തപ്പഴവും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. എട്ടു കിലോയുടെ ഒരു പെട്ടിക്ക്‌ എട്ടു റിയാലും ഗുണമേന്മകൂടിയവയ്‌ക്ക്‌ പെട്ടിക്ക്‌ ഇരുപത്‌ റിയാലിനും വില്‍പ്പനയക്കുണ്ട്‌.

ചിലയിനം പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വില അല്‍പ്പം കൂടുതലാണ്‌.7-8 കിലോയുടെ തക്കാളിപ്പെട്ടിക്ക് 20-25 റിയാലും, ചെറിയ പെട്ടിക്ക് 14 റിയാലുമാണ് വില.
വഴുതന 6-7 കിലോക്ക് 15 മുതല്‍ 25 റിയാല്‍ വരെയാണ് വിവിധയിനത്തിലുള്ളവയുടെ വില. ഇതേ അളവിലുള്ള കക്കരിക്ക് 15-35 റിയാലും, ഉരുളക്കിഴങ്ങ് ചാക്കൊന്നിന്ന് 15-25 റിയാലുമാണ് ഈടാക്കുന്നത്. മുന്തിരിയുടെ മീഡിയം സൈസിലുള്ള പെട്ടിക്ക് പത്തു റിയാലാണ്. 35 റിയാല്‍ വരെയുള്ള മുന്തിരിയുടെ വിവിധയിനങ്ങളും വില്‍പ്പനക്കുണ്ട്. അധികവും ഇറക്കുമതി ചെയ്ത പഴങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഈത്തപ്പഴം പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ചവയാണ്.