കുടിവെള്ളം മുട്ടുന്നു; കുഴല്‍കിണറുകള്‍ക്ക് നെട്ടോട്ടം

drinking-waterപരപ്പനങ്ങാടി : ഭൂഗര്‍ഭ ജലവിതാനം പാടെ താണതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റി വരളുകളയും കടലോരങ്ങളിലടക്കം കിണറുകളില്‍ വെള്ളത്തിന്റെ അളവ് താഴുകയും ചെയ്തു.

കടലുണ്ടി പുഴയുടെ വിവിധ ഭാഗങ്ങള്‍ തരിശ് സമാനമായി മാറിയതോടെ പുഴയോരങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പൊതുജല വിതരണമാകട്ടെ പലപ്പോഴും കാര്യക്ഷമമല്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ വന്നുകൊണ്ടിരുന്ന പൊതുജല വിതരണം പ്രതിസന്ധി നേരിട്ടതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്കടക്കം നിരവധി കുടുംബങ്ങള്‍ കടുത്ത പ്രയാസം അഭിമുഖീകരിക്കുകയാണ്. കടുത്ത വേനലില്‍ സുമനസുകളും സന്നദ്ധ സംഘടനകളും ചെയ്തു വരാറുള്ള സൗജന്യ കുടിവെള്ള സേവനം ഇത്തവണ നേരത്തെ കിട്ടിയിരുന്നെങ്കില്‍ എന്ന പ്രത്യാശയിലാണ് നിരവധി കുടുംബങ്ങള്‍.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി ഇത്തവണ മാര്‍ച്ച് മാസവസാനത്തോടെ തന്നെ സൂര്യതാപം 40 ഡിഗ്രിയോളമെത്തിയത് കടുത്ത ചൂടിന് വഴിവെച്ചു. ആശ്വാസം തേടി അന്യസംസ്ഥാന തൊഴിലാളികളും മറ്റും ദിവസം മൂന്നും നാലും തവണ കുടിവെള്ള കിണറുകളിലേക്ക് പാഞ്ഞടുക്കുന്നത് മലയാളി കുടുംബങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുതക്ക് വഴിവെക്കുന്നുണ്ട്. നിര്‍മാണ തൊഴില്‍ മേഖലയും ജല ലഭ്യതയുടെ ദൗര്‍ലഭ്യത മൂലം പ്രതിസന്ധി നേരിടുന്നുണ്ട്. കുപ്പിവെള്ളം വിപണി കഴിഞ്ഞ രണ്ട് മാസമായി കൊഴുത്ത കച്ചവടമാണ് സമ്മാനിക്കുന്നത്. അതേസമയം കുപ്പി വെള്ളത്തിന്റെ ശ്രോതസ്സുകളുടെ ശുചീകരണ പരിസരത്തെ കുറിച്ച് പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ഉപഭോക്തൃ സംഘടനകളില്‍ നിന്നുയരുന്നുണ്ട്. തെരുവോര ദാഹശമന വാണിഭ കേന്ദ്രങ്ങള്‍ക്കും ശീതള പാനീയ കച്ചവട സ്ഥാപനങ്ങളിലും റെക്കോര്‍ഡ് കച്ചവടമുണ്ടെങ്കിലും കിണറുകളിലെ ജലവിതാനംപാടെ താണുപോകുന്നത് കച്ചവടക്കാരുടെ മനസിലും ആശങ്കയുടെ തിരകളുയര്‍ത്തുണ്ട്. കിണറുകളിലെ വെള്ളം പാടെ താണതോടെ ജലപമ്പിംഗ് മോട്ടറുകളുടെ ഫൂട്ട് വാള്‍വ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതുമൂലം പുതിയ തലമുറക്ക് ഇതിനകം അന്യമായ വെള്ളം കോരിയെടുക്കല്‍ അദ്ധ്വാനത്തിന്റെ പ്രയാസവും നേരിട്ട് അനുഭവിക്കേണ്ടി വരികയാണ്. കിണര്‍വെള്ളം ഉള്‍വലിഞ്ഞ് കുടിവെള്ളം മുട്ടാന്‍ തുടങ്ങിയതോടെ ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കാന്‍ കുഴല്‍ കിണറുകള്‍ക്കുളള നെട്ടോട്ടവും വ്യാപകമാണ്.