കൂലി വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ ട്രേഡ്‌ യുണിയനുകളുടെ തോട്ടം തൊഴിലാളി സമരം തുടങ്ങി

dscn1827മൂന്നാര്‍: കൂലിയും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനത്തെ മുഴുവന്‍ തോട്ടങ്ങളിലും ഇന്ന്‌ മുതല്‍ പണിമുടക്ക്‌ സമരം തുടങ്ങും. ഐക്യ ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിലാണ്‌ പണിമുടക്കുന്നത്‌. ചെറുതും വലുതുമായ എല്ലാ തോട്ടങ്ങളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന്‌ സംഘടനാ നേതാക്കള്‍ അറിയിച്ചു.

ഒരാഴ്‌ച മുമ്പ്‌ തന്നെ മെല്ലെപ്പോക്ക്‌ സമരം തുടങ്ങിയെങ്കിലും ശനിയാഴ്‌ച നടന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാവാത്തതിനെ തുടര്‍ന്നാണ്‌ അനിശ്ചിതകാല പണിമുടക്കിലേക്കെത്തിയത്‌. പണിമുടക്കിന്റെ ഭാഗമായി വയനാട്ടില്‍ സി ഐ ടി യു ഇന്ന്‌ ദേശീയപാത ഉപരോധിക്കും. ദേശീയപാതയില്‍ ബംഗലൂരു കോഴിക്കോട്‌ റൂട്ടിലെ ചുണ്ടേലിലാണ്‌ ഉപരോധം. .

അതെസമയം ഐക്യ ട്രേഡ്‌ യൂണിയന്റെ പണിമുടക്ക്‌ സമരത്തില്‍ പങ്കെടുക്കില്ലെന്ന്‌ മൂന്നാറിലെ സ്‌ത്രീ തൊഴിലാളികള്‍ വ്യക്തമാക്കി. ഇപ്പോള്‍ നടത്തുന്ന സമരം തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ ഉള്ളതാണെന്നും സ്‌ത്രീ തൊഴിലാളി നേതാക്കള്‍ ആരോപിച്ചു. ചൊവ്വാഴ്‌ച നടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ടെന്നും അവര്‍ വ്യക്തമാക്കി.