വോട്ടര്‍പട്ടിക : അപേക്ഷകളില്‍ രണ്ട് ദിവസത്തിനകം തീരുമാനം

elction commissionവോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ലഭിച്ച അപേക്ഷകള്‍ രണ്ട് ദിവസത്തിനകം തീര്‍പ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ഇലക്റ്ററല്‍ ഓഫീസര്‍ നളിനി നെറ്റോ നിര്‍ദേശിച്ചു. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍, അസി.റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സി.ഇ.ഒ. ലഭിച്ച അപേക്ഷകള്‍ പോളിങ് ബൂത്ത് തലത്തില്‍ പരിശോധിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്തോടെ നടപടികള്‍ ത്വരിതപ്പെടുത്തണം. കൂടുതല്‍ ജീവനക്കാരെയും കംപ്യൂട്ടറും വിനിയോഗിച്ച് സമയബന്ധിതമായി പേര് ഉള്‍പ്പെടുത്തല്‍ പൂര്‍ത്തിയാക്കണമെന്നും സി.ഈ.ഒ. അറിയിച്ചു. 2014 ജനുവരി 22 ന് പ്രസിദ്ധീ കരിച്ച വോട്ടര്‍പട്ടികയിലുള്‍പ്പെട്ട വോട്ടര്‍മാരെ യാതൊരുകാരണവശാലും നീക്കം ചെയ്യരുത്.
റസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല
വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് റസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധരേഖയായി ആവശ്യപ്പെടരുതെന്ന് സി.ഇ.ഒ. അറിയിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് വിശ്വസനീയമായും വിധമുള്ള ഏതെങ്കിലും രേഖകളുണ്ടെങ്കില്‍ പട്ടികയിലുള്‍പ്പെടുത്താം. ടെലഫോണ്‍ ബില്‍, പാചക വാതക കണക്ഷന്‍, പോസ്റ്റ് ഓഫീസ് മുഖേന ലഭിക്കുന്ന സ്വകാര്യ-മറ്റ് രീതിയിലുള്ള കത്തുകള്‍ പോലും രേഖയായി കണക്കാക്കാം. വിവാഹം കഴിച്ച് കൊണ്ടു വരുന്ന പെണ്‍കുട്ടികളെ റസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ പട്ടികയിലുള്‍പ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടതായി സി.ഇ.ഒ. അറിയിച്ചു. പട്ടികയില്‍ യുവതലമുറയുടെ ശതമാനം കുറയ്ക്കുന്നത് കൂടാതെ ആണ്‍-പെണ്‍ ശതമാനത്തിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ഇത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.
ഇലക്‌ട്രോണിക് വോട്ടിങ് മെഷിനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസംഎന്നിവ സംബന്ധിച്ചും സി.ഇ.ഒ. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ജില്ലാ കലക്റ്റര്‍ കെ.ബിജു, പെരിന്തല്‍മണ്ണ സബ് കലക്റ്റര്‍ അമിത് മീന, തിരൂര്‍ ആര്‍.ഡി.ഒ കെ.ഗോപാലന്‍, എ.ഡി.എം. എന്‍.റ്റി.മാത്യു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്റ്റര്‍ എം.മുഹമ്മദ് ബഷീര്‍, പ്രതീഷ് കുമാര്‍ ഐ.പി.എസ്, തുടങ്ങിയവര്‍ പങ്കെടുത്തു.