മുന്‍ ഇന്ത്യന്‍ വോളിബാള്‍ താരം അബ്ദുല്‍ റസാഖിനെ ദോഹയില്‍ ആദരിച്ചു

dohaദോഹ:  ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ താരം അബ്ദുല്‍ റസാഖിനെ വോളിഖ് ആദരിച്ചു. വോളിബാള്‍ മേഖലയില്‍ ആദ്യമായി ഒരു വിദേശ പ്രൊഫഷനല്‍ കളിക്കാരന്‍ ഖത്തറില്‍  എത്തുന്നത് 1985 ഇല്‍ റയ്യാന്‍ ക്ലബ്ബിനു വേണ്ടി വേഷമണിഞ്ഞ  അബ്ദുല്‍ റസാഖിന്റെ വരവിലൂടെ  ആയിരുന്നു. അദ്ദേഹം അന്ന് കാഴ്ചവെച്ച തിളങ്ങുന്ന പ്രകടനമായിരുന്നു പിന്നീട് ഖത്തറില്‍ വന്ന സിറില്‍ സി വള്ളൂര്‍, ഉദയകുമാര്‍, സന്ദീപ് ശര്‍മ, ജോബി ജോസഫ്, ടോം ജോസഫ് തുടങ്ങിയ ഒന്നാംകിട ഇന്ത്യന്‍ കളിക്കാരുടെ വരവിനു വഴിവെച്ചത്. ഒരു കാലത്ത് ജിമ്മി ജോര്‍ജ്, സിറില്‍ സി വള്ളൂര്‍, ഉദയ കുമാര്‍, അബ്ദുല്‍ റസാഖ്, ഗോപിനാഥ് എന്നിവരടങ്ങുന്ന കേരള വോളിബാള്‍ ടീം ഏതൊരു ടീമിന്റെയും പേടിസ്വപ്‌നമായിരുന്നു. സ്‌പോട്ട് ജംപിലും പവര്‍ അറ്റാക്കിംഗിലും തനതായ വഴി വെട്ടിത്തുറന്ന അബ്ദുല്‍ റസാഖ് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ചിരുന്നു.
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ ചേര്‍ന്ന കായിക പ്രേമികളുടെ യോഗത്തില്‍ വോളിഖ് അംഗങ്ങള്‍ക്ക് പുറമേ, ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ മേധാവി പി എന്‍ ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് പാട്രന്‍ കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. വോളിഖ് പ്രസിഡന്റ് മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷിക് അഹമദ്, പ്രേംനാഥ്, തായമ്പത്ത് കുഞ്ഞാലി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല കേളോത്ത് ഉപഹാരം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നിര്യാതനായ ഉദയകുമാറിനെ അനുസ്മരിച്ചു.
തുടര്‍ന്ന് നടന്ന സംഗീത വിരുന്നില്‍ പ്രശസ്ത ഗായകന്‍ റിയാസ് കരിയാട്, ഹാദിയ സക്കറിയ, നജീബ് തൗഫീഖ്, മുഹമ്മദ് നൗഷര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.