കാണികളില്‍ വിസ്മയം തീര്‍ത്ത് മുതുകാടിന്റെ ‘അകക്കണ്ണുകള്‍’

മലപ്പുറം : കാണികളില്‍ വിസ്മയം തീര്‍ത്ത് ഗോപിനാഥ് മുതുകാടിന്റെ ‘അകക്കണ്ണുകള്‍’ ശ്രദ്ധേയമായി. ലഹരിയുടെ ചതിക്കുഴികളെ കുറിച്ചും അപകടങ്ങളെ കുറിച്ചും മാജിക്കുകളിലൂടെ അറിവ് പകര്‍ന്ന് നല്‍കുന്നതായിരുന്നു പരിപാടി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളോട് അദ്ദേഹം സംവദിക്കുകയും സ്നേഹം പങ്ക് വക്കുകയും ചെയ്തു. കുട്ടികളോടുള്ള ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ മാതാപിതാക്കളും സമൂഹവും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ മക്കളുടെ സുഹൃത്തുക്കളാകണമെന്നും സ്നേഹം പകര്‍ന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരായ പ്രതിജ്ഞ അദ്ദേഹം ചൊല്ലികൊടുത്തു.
വിമുക്തി മിഷന്‍, എക്സൈസ്, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ്, സാമൂഹിക നീതി എന്നീ വകുപ്പുകള്‍ സംയുക്തമായാണ്  പരിപാടി സംഘടിപ്പിച്ചത്.

മഅ്ദിന്‍ സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. . ഡെപ്യൂട്ടി എക്സൈസ് കമ്മീഷനര്‍ ബെന്നി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പിഎസ് തസ്നീം, കെഎസ്ഇഎസ്എ പ്രസിഡന്റ് വികെ സൂരജ്, പരിവാര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് രഘുനാഥ്, മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അസി എക്സൈസ് കമ്മീഷനര്‍ കെ സജി, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി ഹരികുമാര്‍, സ്പെഷല്‍ സ്‌കൂള്‍ അസോസിയേഷന്‍ പ്രതിനിധി ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles