Section

malabari-logo-mobile

സര്‍വ്വം സ്വര്‍ണ്ണമയമാകുന്ന സുവര്‍ണ്ണകാലം

HIGHLIGHTS : സുള്‍ഫി  താനൂര്‍ നാട്ടുമാവിന്റെ മാങ്ങക്ക് മുഴുപ്പ്കൂടി തുടുത്ത് പഴുപ്പിലേക്ക് സംക്രമണം തുടങ്ങിയപ്പോള്‍ ചുറ്റും പൂവാലനണ്ണാന്റെ ചിലപ്പിന്റെ ധ്വനി. പേ...

സുള്‍ഫി  താനൂര്‍

നാട്ടുമാവിന്റെ മാങ്ങക്ക് മുഴുപ്പ്കൂടി തുടുത്ത് പഴുപ്പിലേക്ക് സംക്രമണം തുടങ്ങിയപ്പോള്‍ ചുറ്റും പൂവാലനണ്ണാന്റെ ചിലപ്പിന്റെ ധ്വനി. പേരറിയുന്നതും അല്ലാത്തതും പരിചിതരും അപരിചിതരുമൊക്കെയായി ഏതൊക്കെയോ കിളികളുടെ സമ്മിശ്രമേളത്തില്‍ മതിമറന്നുറങ്ങുന്ന മാന്തണലുകള്‍ക്ക് മുകളില്‍ മുരുക്കിന്‍പൂവിന്റെ ജ്വാലപോലെ മീനം കത്തിപ്പടരുന്നു. ഇടവിട്ട് ഇളവേല്‍ക്കാനെത്തുന്ന, പുന്നെല്ലിന്റെയും മാങ്ങാച്ചുണയുടെയും മണമുള്ള കാറ്റിന് ഒരു മാന്ദ്യം, വേണോ വേണ്ടേയെ മൗഢ്യം. കാറ്റില്‍ പുല്‍പ്പാന്‍പാടത്തിന്റെ കിഴക്കേകാറ്റില്‍നിന്ന് കായകള്‍ ഉണങ്ങിപ്പൊട്ടി, ദിക്കും ദിശയുമില്ലാതെ വെള്ളിനൂലുകളുമായി ഗ്രീഷ്മസൂര്യന്റെ പ്രതിരൂപങ്ങള്‍പലെ അപ്പുപ്പന്‍ താടികള്‍.

sameeksha-malabarinews

ചുട്ട് വിയര്‍ത്ത് കുപ്പായമൂരിയ കാരണവരെപ്പോലെ തൊടിയുടെ തെക്ക് ഇലപൊഴിച്ചുനിന്ന കൊന്നയില്‍ എപ്പോഴാണ് പൊന്മകുടങ്ങള്‍ മുളച്ചത്! ഇന്നലെവരെ കണ്ടില്ലല്ലോ, ശ്രദ്ധയില്‍ പെട്ടില്ലല്ലോന്ന് അത്ഭുതംകൂറുമ്പോളറിയാം, കൊന്നകളൊക്കെയും വരിവരിയായി മൊട്ടിട്ടുനില്‍ക്കുന്നു. സുഖം പകരുന്ന കാഴാചക്കൊപ്പം കേള്‍ക്കുന്നതൊക്കെയും ‘വിത്തും കൈക്കോട്ടും’ പാടുന്ന വിഷുപ്പക്ഷിയുടെ പാട്ടുകളായിത്തീര്‍ന്നപോലെ ഒരിന്ദ്രജാലം. പുഞ്ചനെല്ല് കനംതൂങ്ങിതലതാഴ്ത്തിനില്‍ക്കുന്ന വയലുകള്‍ക്ക് മഞ്ഞരാശിപടര്‍ന്നിരിക്കുന്നു. കണ്ടുനില്‍ക്കേ ഉദയാസ്തമയങ്ങളുടെ ഹിരണ്യരാശികള്‍ക്കൊപ്പം കൊന്ന പൊന്നണിഞ്ഞ പുതുപ്പെണ്ണിനെപ്പോലെ മങ്ങപോലെ. പ്രകൃതി പൊന്‍കണിയൊരുക്കുമ്പോള്‍ മനസ്സ് ആനന്ദത്തില്‍ കുതിര്‍ന്നുപോയിരിക്കുന്നു. ഇനി തുടിക്കുന്ന കാത്തിരിപ്പാണ് വിഷുപ്പുലരിക്ക്. അതിന്റെ പൂമ്പുലരിയിലേക്ക് അടരുന്ന ദിനരാത്രങ്ങളുടെ ആഹ്ലാദത്തിന്റെ അകക്കാമ്പിലേക്ക് ഊര്‍ന്നിറങ്ങുന്ന മനസ്സ് നിറയേ പ്രഭാമയമാകുന്നു.

വറ്റിത്തുടങ്ങിയ കുളക്കരയിലും വിളവിറക്കാത്ത പാടത്തും നട്ട വെള്ളരിയും കുമ്പളവും മത്തനും പയറുമെല്ലാം നിറയേ കായ്ച്ച് മൂത്തിരിക്കും. കണിവെള്ളരികള്‍ മണ്ണില്‍ പൂത്ത കൊന്നപ്പൂങ്കുലപോലെ കണ്ണിന് മറ്റൊരു കര്‍ണ്ണികാരക്കാഴ്ചയാകും. അതുവരെ കണ്ണില്‍പെട്ടിട്ടും മനസ്സോര്‍ക്കാത്ത ഒന്ന്, വിഷുക്കാഴ്ചകളൊക്കെയും സ്വര്‍ണ്ണമയമാണെതാണ്. വിളഞ്ഞനെല്ലും കണിവെള്ളരിക്ക, പഴുത്തമാങ്ങ കണിക്കൊന്ന അങ്ങനെ മിക്കതും.

സമൃദ്ധിയുടെ ഹൃദായാഹ്ലാദം മനുഷ്യര്‍ക്കുമാത്രമല്ല പ്രൃതിക്കുകൂടി കൈവിരിക്കുന്നു. വിഷുവിനോടൊപ്പം പൊതുവേ ആഹ്ലാദവും ആനന്ദവുമെല്ലാം എല്ലാ മുഖത്തും മനസ്സിലുമെല്ലാം. അപ്പോഴേക്കും സ്‌കൂള്‍ അടച്ചതിന്റെ തിമിര്‍പ്പ് പറഞ്ഞറിയിക്കാനാവാത്തത്രയാകും. ഊണും വേണ്ടാ ഉറക്കവുംവേണ്ടാത്ത തിമിര്‍പ്പ്. മാങ്ങകൊണ്ട് വിശപ്പും പറങ്കിമാങ്ങകൊണ്ട് ദാഹവും തീരുന്ന സൗഖ്യം. ഇടയ്ക്ക് നാട്ടുമരത്തണലുകളും ഇലപൊഴിഞ്ഞ മെത്തകളില്‍ കുളിര്‍തൊത്തുപോലുള്ള വള്ളിക്കുടിലുപോലുള്ള ഇളവേല്‍പ്പുകള്‍.
വിഷുഫലവുമായി പണിക്കര്‍ ഏപ്പോഴും വരാം. വിഷുഫലം പ്രധാനമാണ്, പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക്. ഗ്രാമം മുഴുക്കെ നടെന്നത്താന്‍ വൈകി വിഷുത്തലേന്ന്‌വരേയും വന്നേക്കാം. വരാതിരിക്കില്ല. ഫലം ചിലപ്പോള്‍ എഴുതിയ ചാര്‍ത്തുവായിക്കലാകും. ദക്ഷിണകിട്ടുന്ന നെല്ലും വിളഞ്ഞ പച്ചക്കറിയുമൊക്കെ പണിക്കരുടെ സില്‍ബന്തിചാക്കില്‍കുത്തിനിറയ്ക്കും. നെല്ലിന് പ്രത്യേകം ചാക്കാണ്. വിഷുഫലം കേട്ടതെല്ലാം അനുകൂലമായിരുന്നല്ലോന്ന് ഓര്‍മ്മയുണ്ട്, അതിന്റെ മനശ്ശാസ്തം എന്തുതെയായിരുന്നാലും.
മീനത്തിലെ അവസാന നാളാണ്. മേടത്തിലേക്കുള്ള സംക്രമണത്തില്‍ മണ്ണും മനസ്സുമൊരുങ്ങുന്ന ദിനം. അപ്പോഴേക്കും തൊടിയൊക്കെ സ്വര്‍ണ്ണംവിരിച്ച് കൊന്നയുടെ ഇതളുകള്‍ പരുകിടക്കും. താഴെയും മേലേയും സ്വര്‍ണ്ണംപൂശിയ പ്രകൃതി. കണിയൊരുക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാകും
വിഷുവിന് പടക്കവും പ്രധാനംതന്നെ. ഒറ്റമുറിപ്പീടികയോടുചേര്‍ന്ന്, ആണ്ടറുതി ആഘോഷങ്ങള്‍ക്കുമാത്രം തുറക്കുന്ന പെട്ടിക്കടയില്‍ പടക്കങ്ങളുടെ പൂരമാണ്. വാകപ്പൂപോലെ ചുവന്ന നീളന്‍ പടക്കങ്ങള്‍ ഒറ്റയായും കോര്‍മ്പലയായും. കൂമ്പാരമിട്ടിരിക്കുന്ന ഓലപ്പടക്കങ്ങള്‍, പലവലുപ്പത്തില്‍. ‘തൊണ്ടക്കന്‍’ വലുപ്പത്തില്‍ തത്തച്ചുണ്ടന്‍ മാങ്ങപോലെ പള്ളവീര്‍ത്ത ഓലപ്പടക്കം മിക്കപ്പോഴും സ്വപ്നത്തില്‍മാത്രം പൊട്ടിയ വിഷുക്കാലങ്ങള്‍. പൂത്തിരിക്കും മത്താപ്പൂവിനും രണ്ടാംസ്ഥാനം. എങ്കിലും നിലത്ത് പമ്പരംകറങ്ങുന്ന ചക്രം രസമാണ്. മേശപ്പൂവ് മിക്കവാറും ഒരു ‘തൂറ്റലിന്’ കത്തിയമരും.
പടക്കത്തിന് പൈസയൊപ്പിക്കാന്‍, സകല പറങ്കിമാവിന്‍ചോട്ടിലും തെണ്ടിപ്പെറുക്കലാണ്. രണ്ടുകശുവണ്ടിക്ക് ഒരോലപ്പടക്കംകിട്ടും. പെറുക്കാന്‍ ആളേറിയാല്‍ കിട്ടുന്നതുകുറയും. കുറെ അണ്ടികിട്ടുന്നതും കിനാവുകണ്ടാണ് ഉറക്കം. ഓലപ്പടക്കംപൊട്ടുന്നതിന്റെ ആരവത്തില്‍ കൊമ്പത്തും കൂട്ടിലുമുള്ള പലക്കൂട്ട് കിളികള്‍ ചിലച്ച് പാറി ഒരുവട്ടംതിരിച്ചെത്തുമ്പോഴും ആര്‍പ്പുംവിളിയും അടങ്ങിയിരിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പടക്കംപൊട്ടിക്കുന്നതിന് വീട്ടുകാര്‍ സമ്മതംതരാന്‍ നന്നേ പണിപ്പെടണം. അയനിത്തിരിയുടെ തുമ്പത്ത് തീപിടിപ്പിച്ചത് കുമാരേട്ടന്റെ ചുണ്ടത്ത് കോഹിനൂര്‍ബീഡി പുകയുന്നപോലെ മാഞ്ചോട്ടിലെ മൂലയ്ക്കിരുന്ന് പുകയും.

സന്ധ്യക്ക് ചമ്മലിലകള്‍ അടിച്ചുകൂട്ടി കൊമ്മേരികൊളുത്തുമ്പോള്‍ വട്ടംചുറ്റി ആര്‍പ്പുംവിളിയുമാണ്. പക്ഷേ, അതിലൊന്നും കുട്ടികള്‍ക്ക് പങ്കാളിത്തമില്ല. ‘നാളെ’യെക്കുറിച്ച്, പടക്കത്തിന്റെ, നാവില്‍തൊട്ടാല്‍ മൂര്ഗദ്ധാവോളം രസംപിടിക്കുന്ന ഉപ്പുമാങ്ങയും നാരങ്ങാ അച്ചാറും ഓലനും കാളനും അവിയലും പുളിശ്ശേരിയും സാമ്പാറും മോരും പരിപ്പും പാല്‍പ്പായസവുമെല്ലാം ചേര്‍ത്തുള്ള വിഭവസമൃദ്ധമായ സദ്യയുടെ, കൈനീട്ടമായിക്കിട്ടുന്ന തിളങ്ങുന്ന നാണയങ്ങളുടെ സ്വപ്നത്തില്‍ മുഴുകിക്കഴിയുമ്പോള്‍ കണിപ്പൂവിനുള്ള ഉത്തരവാദിത്വം വരുന്നു. ഒപ്പം ഉയരത്തില്‍ കേറാതിരിക്കാനുള്ള മുറിയിപ്പും. എത്ര എത്താക്കൊമ്പത്തെ മാങ്ങകളാണ് ഈ കൈകൊണ്ട് പറിച്ചെടുത്തതെന്ന ഒരു ചിരിമനസ്സില്‍ ചിരിക്കുന്നത് അറിയാതെതന്നെ ചുണ്ടത്ത് പകര്‍ിന്നുണ്ടാകും. കൊന്നകള്‍ക്കൊന്നും ആര്‍ക്കും ഉടമസ്ഥതാവകാശമില്ല. എവിടെച്ചെും പറിക്കാം. തൊടികള്‍ക്കൊന്നും വേലിയും മതിലുമില്ലാത്തപോലെത്തന്നെ പരാതിയും പരിഭവവും ഒട്ടുമില്ല. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ പൂത്തുചിരിക്കുന്ന കൊന്നകളുണ്ട്. കൊന്നക്കൊമ്പത്തെല്ലാം ഓരോരുത്തരുണ്ടാകും. ആളുണ്ടെങ്കിലും സ്വയംതന്നെ കേറിപ്പറിക്കുന്നതിലാണ് രസം. പറിക്കുമ്പോള്‍ ഒറ്റയിതളും അടരാത്ത പൂങ്കുലയുടെ സൗന്ദര്യം കരുതിയോ, ഒരുള്‍വാശിയോ, നല്ലതേ പറിച്ചെടുക്കൂ. അതും ഒന്നല്ല ഒരുപാട്കുലകള്‍. ആദ്യത്തെചുവടുചവിട്ടുമ്പോള്‍ത്തന്നെ മരം സ്വര്‍ണ്ണമഴപെയ്യുന്നത്കാണാന്‍ വല്ലാത്തൊരു ചേലാണ്. മരച്ചോട് കൂടണയുന്നകിളിക്കൂട്ടംപോലെ കലപിലയാകും, കളിയും ചിരിയും ആവേശവും വമ്പുംകൊണ്ട്. പൂവെത്തിച്ച് ഉത്തരവാദിത്വത്തമുള്ളവന്റെ ഗമയില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചില്ലറതടയും. അതുമായി പടക്കക്കടയിലേക്ക് ഒരുപാച്ചില്‍.

ഉറങ്ങിത്തീരുംമുമ്പേ തട്ടിയുണര്‍ത്തി കണ്ണുംപൊത്തി കണികാണാന്‍ കൊണ്ടുപോകുമ്പോള്‍ മനസ്സില്‍ ഒരുപാടോര്‍ത്തിട്ടുണ്ട്, ഇവര്‍ക്ക് കണിയെങ്ങനെ, ഈ പാവംപെണ്ണുങ്ങള്‍…എല്ലാം പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കി ഒരുങ്ങാന്‍ നേരമില്ലാത്തവര്‍ ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി’ലെപെണ്ണുങ്ങള്‍തെയല്ലേന്ന്.
എന്തൊക്കെയായാലും കണി ഒരു സുഖമുള്ള കാഴ്ചയും അനുഭവവുമാണ്. ഒരുവര്‍ഷം കാണേണ്ടതത്ത്രയും സൗഖ്യമാക്കനുള്ള വെമ്പല്‍. മനുഷ്യന്റെ പ്രതീക്ഷയും സ്വപ്നങ്ങളുംതെന്നയല്ലേ ഈ പ്രാര്‍ത്ഥനയിലത്രയും തെളിയുന്നത്. പുലരാന്‍ ഇനിയുമുള്ള കുളിരില്‍ നിറദീപത്തിന്റെ സുവര്‍ണ്ണദീപ്തിയില്‍ സര്‍വ്വം സ്വര്‍ണ്ണമയമാകുന്ന മറ്റൊരു കാഴ്ചയില്‍ കോടിയുടെ കസവും വിളക്കിന്റെ തിരിയില്‍ ഓട്ടുവിളക്കിന്റെ തിളക്കവും പുത്തന്‍നാണയവും വെള്ളരിയും പറനെല്ലുമെല്ലാം കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ കണ്‍കുളിര്‍ത്ത് അറിയാതെ കൈകൂപ്പിപ്പോകും. കളര്‍കോമ്പിനേഷനെക്കുറിച്ച് ബോധ്യമുള്ള ചിത്രകാരന്റെ ചാതുരിയോടെയാണല്ലോ ഈ വെറുംപെണ്ണുങ്ങള്‍ ‘മട്ടത്തില്‍’ഒരുക്കിയിരിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്.
പിന്നെ കൈനീട്ടമാണ്. പളുങ്കുപോലുള്ള നാണയങ്ങള്‍. പിന്നീട് പുത്തന്‍നോട്ടുകള്‍തിരുപ്പോഴും മുതിര്‍ന്നവര്‍ക്ക് ആചാരംപോലെ നാണയങ്ങള്‍തെന്നയായിരുന്നു. ബഹളമയമായ വീട് പെട്ടെന്ന് പുലര്‍ന്നുപോകും. കുളിതേവാരങ്ങളൊക്കെത്തീര്‍ത്ത് ചായകുടിച്ചെന്നുവരുത്തി, വിഷുപ്പടക്കത്തിന്റെ പൊലിമയിലേക്ക് വീണ്ടും വരുമ്പോഴേക്കും കാറ്റിന് കരിമരുന്നിന്റെ മണവും പൊട്ടലിന്റെ ഘോഷവും എപ്പഴേതുടങ്ങിയിരിക്കും. റേഷനായുള്ളത് പൊട്ടിച്ച്തീര്‍ന്നിട്ട് ഒരുപാട് കാത്തിരുന്നാലും സമയം പോവില്ല, ഉച്ചയായ്കിട്ടില്ല. ചുറ്റിത്തിരിഞ്ഞ് അപ്പുറത്തുമിപ്പുറത്തും ആഹ്ലാദത്തിലേക്കെത്തിനോക്കി നെടുവീര്‍പ്പുമായി ഉച്ചയാക്കും. ഊണിനുമുമ്പേ അടുത്ത സെഷനും തീര്‍ക്കും. അതോടെ വിഷുതീര്‍ന്നു. വിഷാദംമാത്രം ബാക്കി. സര്‍വ്വവും അവസാനിച്ചപോലെ. പലവഴിചിതറിയ ഒരുകൂട്ട്‌പോലെ ഒറ്റയ്ക്കാകുമ്പോള്‍ മാഞ്ചോടുതന്നെ അഭയം.
രാത്രി അപ്പുറത്തും ഇപ്പുറത്തും അകലെയുമൊക്കെ ശബ്ദഘോഷത്തിന്റെ , ആര്‍പ്പുവിളികളുടെ ഹാരവാരം. അക്ഷമയുടെ നെല്ലിപ്പടിയുംവിട്ട് നില്‍ക്കുമ്പോള്‍ കോലായില്‍നിന്ന് ‘കുേട്ട്യാളൊറങ്ങ്യോ?’ ശബ്ദം; ജീവിതത്തില്‍ പിന്നീടൊരിക്കലും കേട്ടിട്ടില്ലാത്ത ആശ്വാസത്തിന്റെ അനുഭവംപോലെ. കടലാസുപൊതിതുറപ്പോള്‍ പടക്കം കുറച്ചേയുള്ളു. പൊട്ടിച്ചിട്ട് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍. ബാക്കിയൊക്കെ മേശപ്പൂവും മത്താപ്പൂവും ചക്രവുംമറ്റും. കോര്‍മ്പലപ്പടക്കം മുറ്റത്തെ തൈത്തെങ്ങിന്റെ ഓലയില്‍ കെട്ടിത്തൂക്കി, പച്ചയും ചുമപ്പും മഞ്ഞയുമൊക്കയായി പൂത്തിരിപ്രഭയില്‍ കത്തുന്ന നീളന്‍’ലൈറ്റ്’കത്തിച്ച് തിരികൊളുത്തുമ്പോള്‍ ചെറിയകുട്ടികളെ ചേര്‍ത്തുപിടിച്ചിരിക്കും. ചിലര്‍ ചെവിയില്‍ വിരല്‍തിരുകിയിട്ടുമുണ്ടാകും. ഒരുപൂരം. പിന്നെ കരിമരുന്നിന്റെ ഗന്ധം മുമ്പത്തേക്കാള്‍ സുലഭമായി കാറ്റില്‍ തത്തിക്കളിച്ചെത്തുന്നു. അവസാന തിരിയും കത്തിത്തീര്‍ന്നാല്‍ വിദൂരത്തിലേക്ക് ചെവിയോര്‍ത്ത് ഇത്തിരിക്കൂടി കോലായില്‍ത്തെന്നനില്‍ക്കും. ഉറക്കെന്നും ഉണര്‍വ്വെന്നും പറയാനാവാത്ത കിടപ്പില്‍ സ്വപ്നങ്ങള്‍ തുരുതുരെ.
പിറ്റേന്ന്,
മുറ്റത്ത് പൊട്ടിയതും ചീറ്റിയതുമായ കരിമരുന്നുകളുടെ പൊട്ടുംപൊടിയും കോരിചിരട്ടയില്‍ ശേഖരിച്ച് കടലാസില്‍ ചുരുട്ടി തിരിയുമിട്ട് തയ്യാറാക്കും. പൊട്ടുന്നത്‌കേട്ട് ശകാരിക്കാതിരിക്കാന്‍ എല്ലാവരും ഉച്ചമയക്കത്തിലാകുന്നനേരംനോക്കി കാത്തിരുന്ന് മാവിന്‍ചുവട്ടിലെത്തും. പക്ഷേ ആ തട്ടിക്കൂട്ട് ഒരിക്കലും പൊട്ടിയില്ല, ചീറ്റിക്കത്തിയതല്ലാതെ. അപ്പോഴേക്കും വിഷുതീര്‍ന്നവിരഹത്തില്‍ പ്രകൃതിയാകെയും ഒരു മ്ലാനത പകര്‍ന്നിരിക്കും.

കാലത്തെ കണിയും കണിയെ കനകവുമാക്കിക്കടന്നുപോയ എത്രയോ വിഷുക്കൈനീട്ടങ്ങള്‍. ആ ഫലങ്ങളിലൊന്നും ഈ അന്യത പറഞ്ഞില്ല. ഒടുവിലൊടുവില്‍ ഒറ്റയ്ക്കാവുകയും ഒരുക്കൂട്ടിയുണ്ടാക്കി തിരികൊളുത്തിയ പടക്കംപോലെ ചീറ്റിപ്പോവുകയും ചെയ്ത ഒരാസുരകാലത്തിന്റെ തരിശില്‍ നില്‍ക്കുമ്പോള്‍, ഗ്രാമത്തിന്റെ നിഷ്‌കളങ്കതയില്‍നിന്ന് അതിന്റെ ഹരിതസംസ്‌കൃതിയില്‍നിന്ന് അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതിന്റെ വേവലാതികള്‍. കാണെക്കാണെ കൃഷിയും കിളിയുമൊക്കെ അകന്നകന്നുപോയി. ഒടുവില്‍ ഇത്തിരിമാത്രം ബാക്കിനിന്ന ഗ്രാമസുകൃതങ്ങളും സൗന്ദര്യങ്ങളുംകൂടി…എങ്കിലും ഇപ്പോഴിതാ വീണ്ടും അതേ മീനം. ശിഷ്ടമായ മാവുകളില്‍ അവിടവിടെ മാങ്ങകള്‍. ഏതോചിലകിളികള്‍. അണ്ണാര്‍കണ്ണന്മാര്‍. നാട്ടുപച്ചമണക്കുന്ന വേനല്‍കാറ്റ്. ശേഷിക്കുന്ന കൊന്നകളില്‍ സ്വര്‍ണ്ണത്തുള്ളികള്‍. വിഷുവരുന്നു. ഓര്‍മ്മയിലേക്കൊന്നിറങ്ങിനടക്കാനെങ്കിലും ചിലതുള്ള ഭാഗ്യഫലങ്ങള്‍ക്ക് എത്രഅടക്കിപ്പിടിച്ചാലും അണച്ചുനിര്‍ത്താനാവില്ല ഈ ആഹ്ലാദത്തെ.
ഈ മണ്ണും ഗ്രാമവും ഒരുപോലെ കാത്തുവെച്ച ആ കര്‍ണ്ണികാരവും കൈവല്യവും കാലവും കളഞ്ഞുപോയെങ്കിലും, കവി പാടിയപോലെ ‘ഏതു ധൂസരങ്കല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ മണവും മമതയും-ഇത്തിരിക്കൊന്നപ്പൂവും’ ആ നല്ല ഓര്‍മ്മകളും. കാരണം കാലത്തിന്റെ കരളറിഞ്ഞ കനിവാണല്ലോ ഈ കണിയും ഫലവും കൈനീട്ടവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!