ഇന്ത്യയിലെ പത്തില്‍ ആറു ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ പീഡിപ്പിക്കുന്നു;യുഎന്‍ പഠന റിപ്പോര്‍ട്ട്‌

Untitled-1 copyന്യൂയോര്‍ക്ക്‌: ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാരും പത്തില്‍ ആറുപേരും ഭാര്യമാരെ വിവിധ തരത്തില്‍ പീഡിപ്പിക്കുന്നവരാണെന്ന്‌ യു എന്‍ പഠന റിപ്പോര്‍ട്ട്‌. ബാല്യകാലത്തെ വിവേചനം നേരിട്ടവരും, പല തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായ പുരുഷന്‍മാരിലാണ്‌ ഇത്തരം പെരുമാറ്റ രീതികള്‍ കൂടുതലായി കാണപ്പെടുന്നതെന്ന്‌ പഠനത്തില്‍ വ്യക്തമാക്കുന്നു. വാഷിംഗ്‌ടണ്‍ ആസ്ഥാനമാക്കിയ ഇന്റര്‍നാഷണല്‍ സെന്റര്‍ഫോര്‍ വുമണ്‍ എന്ന സംഘടനയും യുനൈറ്റഡ്‌ നാഷന്‍സ്‌ വേള്‍ഡ്‌ പോപ്പുലേഷന്‍ ഓണ്‍ ഫണ്ടും (യു എന്‍ എഫ്‌ പി എ) കൂടെ സംയുക്തമായാണ്‌ ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

ഏഴ്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനെട്ടിനും, 49 നും ഇടക്ക്‌ പ്രായമുള്ള 925 പുരുഷന്‍മാര്‍ക്കിടയില്‍ പുരുഷത്വം, പങ്കാളികളോടുള്ള അക്രമം, ആണ്‍മക്കള്‍ക്ക്‌ നല്‍കുന്ന മുന്‍ഗണന എന്നിവ സംബന്ധിച്ച്‌ കാഴ്‌ചപ്പാട്‌ വ്യക്തമാക്കുന്നതിനുള്ള സര്‍വ്വേ വഴിയാണ്‌ പഠനം നടത്തിയിട്ടുള്ളത്‌. ശകാരം, ഭീഷണി, ലൈംഗികവും അല്ലാത്തതുമായ ശാരീരിക പീഡനം, സാമ്പത്തിക ചൂഷണം അതായത്‌ സ്‌ത്രീകളെ സ്വയം വരുമാനം തേടുന്നതില്‍ നിന്നും തടയല്‍ തുടങ്ങിയ പീഡനങ്ങളാണ്‌ തങ്ങള്‍ നടത്തുന്നതായി പുരുഷന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌. പലപ്പോഴും പുരുഷന്‍മാര്‍ പൂര്‍ണ്ണമായും മുന്‍ നിശ്ചയിക്കപ്പെട്ട ലിംഗപദവിക്കനുസരിച്ചോ, സാമൂഹികവും, സാമ്പത്തികവുമായി പ്രതേ്യകതകള്‍ക്കനുസരിച്ചും, ബാല്യകാലാനുഭവങ്ങളാല്‍ സ്വാധീനിക്കപ്പെട്ടോ പെരുമാറുന്നവരാണെന്നാണ്‌ പഠനം പറയുന്നത്‌. ഇതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പുരുഷന്‍മാര്‍ കഴിഞ്ഞ 12 മാസത്തിനിടെ കൂടുതല്‍ അക്രമണങ്ങള്‍ നടത്തിയവരാണെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. ഇതു സമൂഹത്തില്‍ പുരുഷന്‍മാരുടെ മേല്‍ ഏല്‍പ്പിക്കപ്പെടുന്ന സാമൂഹിക ബാധ്യതകളുടെ പേരിലാണെന്നും പഠനം പറയുന്നു.

ഇതിനു പുറമെ യുപി, രാജസ്ഥാന്‍, പഞ്ചാബ്‌, ഹരിയാന, ഒഡീഷ, മദ്ധ്യപ്രദേശ്‌, മഹാരാഷ്‌ട്ര തുടങ്ങിയവിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ബാല്യകാലത്തെ ദുരനുഭവങ്ങള്‍ ഭര്‍ത്താക്കന്‍മാരെ തങ്ങളുടെ പങ്കാളികളെ ആക്രമിക്കുന്നതിനുള്ള പ്രേരകമാവുന്നതായും പഠനം കണ്ടെത്തുന്നു.

സമാനമായ രീതിയില്‍ 3,158 സ്‌ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത്‌ 52 ശതമാനം സ്‌ത്രീകള്‍ക്ക്‌ തങ്ങളുടെ ജീവിതത്തില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാകേണ്ടി വന്നിട്ടുണ്ടോ എന്നതാണ്‌. ഭയവും അപമാനവും മൂലമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളും ഇക്കാര്യം പുറത്ത്‌ പറയാതിരിക്കുന്നത്‌.