സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു

1424077966-1303കോലാപ്പൂര്‍:മുതിര്‍ന്ന സി പി ഐ നേതാവായ ഗോവിന്ദ് പന്‍സാരെയ്ക്കും(82) ഭാര്യ ഉമ പന്‍സാരെയ്ക്കും അജ്ഞാതരുടെ വെടിയേറ്റു. ശിവാജി സര്‍വകലാശാലയില്‍ നിന്നും പ്രഭാത സവാരിക്ക് പോയി തിരിച്ചു വരുന്ന വഴി ഐഡിയല്‍ ഹൗസിങ് സൊസൈറ്റിക്ക് മുന്നില്‍ വച്ചാണ് സംഭവം.

ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു. പന്‍സാരെയ്ക്ക് കഴുത്തിലും കൈയ്യിലുമാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒരു വെടിയേറ്റു.

ഇരുവരേയും അസ്തര്‍ ആധാര്‍ ആശുപത്രിയിലെത്തിച്ചെന്നും ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കോലാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ഓംപ്രകാശ് ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പന്‍സാരെയുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എത്രയും പെട്ടെന്ന് വിഷയം അന്വേഷിക്കണമെന്നും അക്രമികളെ പിടികൂടണമെന്നും കോലാപ്പൂര്‍ എസ് പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി 10 പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും സംസ്ഥാനത്തെ ഡി ഐ ജിയോട് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കാനും അദ്ദേഹം ഉത്തരവിട്ടു. സംസ്ഥാനത്തെ ബി ജെ പി പ്രസിഡന്റ് റാവുസാഹേബ് ഡാന്‍വേയും സംഭവത്തില്‍ അപലപിച്ചു.