വിവാദ പ്രസ്താവന: വെങ്കയ നായിഡു ഖേദം പ്രകടിപ്പിച്ചു

3577027053_venkaiah-Naidu-Rന്യൂഡല്‍ഹി: ലോക്‌സഭയില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു. പ്രതിപക്ഷപാര്‍ട്ടികളെ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു അപമാനിച്ചെന്നാരോപിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വച്ചിരുന്നു.

എന്നാല്‍ തന്റെ വാക്കുകള്‍ പ്രതിപക്ഷം തെറ്റിദ്ധരിച്ചതാണെന്നും എല്ലാവരോടും തനിക്ക് ആദരവാണ് ഉള്ളതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ആരെയും വേദനിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചല്ല തന്റെ പരമാര്‍ശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ വെങ്കയ്യ നായിഡു മോശം പദങ്ങള്‍ ഉപയോഗിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളെക്കുറിച്ചു മോശമായി സംസാരിച്ചതു വിവാദമായിരുന്നു. കോണ്‍ഗ്രസ് സഭയില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും സി പി എം കോണ്‍ഗ്രസിനെക്കാള്‍ നല്ല പാര്‍ട്ടിയാണെന്നുമാണ് വെങ്കയ്യ പറഞ്ഞിരുന്നത്.

ഇതേ തുടര്‍ന്ന് ഇന്നു രാവിലെ 11നു സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ചതിനെ തുടര്‍ന്നു സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.