വേങ്ങരയ്‌ക്ക്‌ ഇനി സ്വന്തം സബ്‌ ട്രഷറി

VENGARA SUBTREASURY & INDUSTRIES OFFICE INAGURATION 13തിരൂരങ്ങാടി: ജില്ലയില്‍ പുതുതായി അനുവദിച്ച പതിനെട്ടാമത്തെ സബ്‌ ട്രഷറിയുടെ ഉദ്‌ഘാടനം വേങ്ങര സര്‍വീസ്‌ ബാങ്ക്‌ അങ്കണത്തില്‍ ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു . തിരൂരങ്ങാടി താലൂക്ക്‌ വ്യവസായ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഇതേ വേദിയില്‍ ഐ.ടി.വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു . ജില്ലയില്‍ രണ്ടാമതൊരു ജില്ലാ ട്രഷറി ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന്‌ മന്ത്രി കെ.എം. മാണി പറഞ്ഞു. സംസ്ഥാനത്ത്‌ ട്രഷറികളുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്‌കരിക്കുന്നത്‌ വമ്പിച്ച മാറ്റങ്ങള്‍ക്ക്‌ കാരണമാകും . സംയോജിത ധനകാര്യ മാനേജ്‌മന്റ്‌ സംവിധാനം അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്നും റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ , അക്കൗണ്ടന്റു ജനറല്‍ , മറ്റു വകുപ്പുകള്‍ എന്നിവയെ ഏകോപ്പിച്ചാകും ഈ സംവിധാനം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു . വൈഡ്‌ ഏരിയ നെറ്റ്‌വര്‍ക്ക്‌ നിലവില്‍ വരുന്നതോടെ പരിമിതികള്‍ ഇല്ലാതെ ഏത്‌ ട്രഷറിയില്‍ നിന്നും ഇടപാടുകള്‍ നടത്താനാകും. ജില്ലയുടെ ആവശ്യങ്ങളോട്‌ അനുഭാവപൂര്‍വ്വം പ്രതികരിക്കുന്ന ധനകര്യമന്ത്രിയോട്‌ ഏറെ നന്ദിയുണ്ടെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു . പുതിയ ജില്ലാ ട്രഷറിക്ക്‌ വേണ്ടിയുള്ള നിവേദനം ഉടന്‍ നല്‍കും . 14 ഗ്രാമപഞ്ചായത്തുകളുള്ള തിരൂരങ്ങാടി താലൂക്കില്‍ വ്യവസായ ഓഫീസിന്റെ പ്രവര്‍ത്തനം ഏറെ അത്യാവശ്യമുള്ളതാണെന്നും നിയോജകമണ്ഡലം എം എല്‍ എ കൂടിയായ വ്യവസായ വകുപ്പ്‌ മന്ത്രി പറഞ്ഞു .
വേങ്ങര, കണ്ണമംഗലം, എ.ആര്‍.നഗര്‍, ഊരകം എന്നീ പഞ്ചായത്തുകളിലായി 94 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 1250 പെന്‍ഷന്‍ ഗുണഭോക്താക്കള്‍, 1365 എസ്‌.ബി അക്കൗണ്ടണ്‍ുകള്‍ എന്നിവ പുതിയ സബ്‌ ട്രഷറിയ്‌ക്ക്‌ കീഴില്‍ വരും. വേങ്ങര സര്‍വ്വീസ്‌ ബാങ്കിന്റെ പഴയ കെട്ടിടത്തിലാണ്‌ ട്രഷറി പ്രവര്‍ത്തിക്കുക.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടത്തിലാണ്‌ തിരൂരങ്ങാടി താലൂക്ക്‌ വ്യവസായ കേന്ദ്രം ഓഫീസ്‌ പ്രവര്‍ത്തിക്കുക.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍, ട്രഷറി ഡയറക്ടര്‍ ജെ സി ലീല ,വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവുങ്ങില്‍ സുലൈഖ, മറ്റു ജനപ്രതിനിധികള്‍ , ട്രഷറി,വ്യവസായ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു