ബിഷപ്പ്‌ വിഷം കുത്തുന്ന വര്‍ഗീയ വാദിയെ പോലെ സംസാരിക്കുന്നു; വെള്ളാപ്പള്ളി നടേശന്‍

vellapallyതൃശൂര്‍: ബിഷപ്പ്‌ വിഷം കുത്തുന്ന വര്‍ഗീയ വാദിയെ പോലെയാണ്‌ സംസാരിക്കുന്നതെന്ന്‌ വെള്ളാപ്പള്ളി നടേശന്‍. ഇടുക്കി ബിഷപ്പ്‌ മാത്യു ആനിക്കുഴികാട്ടിലിനെതിരെയാണ്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരിക്കുന്നത്‌. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത്‌ ക്രിസ്‌ത്യന്‍ സമുദായമാണെന്നും ഇതിനായി വിദേശത്തുനിന്നു പണം ഒഴുക്കുന്നതായും വെള്ളാപ്പള്ളി ആരോപിച്ചു. ബിഷപ്പിന്റെ തറപറ പറച്ചില്‍ മതനേതാവിന്‌ ചേര്‍ന്നതല്ല. ബിഷപ്പിനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന്‌ കേസെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കത്തോലിക്ക പെണ്‍കുട്ടികളെ ലൗ ജിഹാദ്‌ വഴിയും എസ്‌എന്‍ഡിപിയുടെ നിഗൂഢ അജണ്ട വഴിയും തട്ടിക്കൊണ്ടുപോകുന്നതായി ഇന്നലെ ഇടുക്കി രൂപതാ ബിഷപ്പ്‌ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞിരുന്നു. 18 വയസ്‌ വരെ വളര്‍ത്തിയ മകള്‍ വിശ്വാസങ്ങള്‍ വലിച്ചെറിഞ്ഞ്‌ ഒരു മുസ്ലീമിന്റെ കൂടെയോ ഓട്ടോകാരന്റെ കൂടെയോ എസ്‌എന്‍ഡിപിക്കാരന്റെ കൂടെയോ പോകുന്നു. മിശ്ര വിവാഹം ക്രൈസ്‌തവ മതവിശ്വാസത്തിനെതിരാണെന്നും ബിഷപ്പ്‌ ഇന്നലെ കോട്ടയത്ത്‌ പറഞ്ഞിരുന്നു.