വാഹനങ്ങളുടെ വേഗ പരിധി കൂട്ടി

0തിരു : കേരളത്തിലെ വാഹനങ്ങളുടെ റോഡുകളിലുള്ള ഉയര്‍ന്ന വേഗപരിധി പുനര്‍നിര്‍മ്മിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. ആദ്യം എല്ലാ റോഡുകളിലും പരമാവധി വേഗപരിധി ആയിരുന്നത് ഇപ്പോള്‍ നാല് വരി പാതകള്‍ക്കും ഹൈവേകള്‍ക്കും പ്രതേ്യകമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണ റോഡുകളിലെ വേഗ പരിധിക്ക് മാറ്റമൊന്നുമില്ല. നഗരപാതയിലെ വേഗവും കൂട്ടിയിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് വേഗപരിധി പരിഷ്‌കരിച്ചിരിക്കുന്നത്.

കാറുകളുടെ ഉയര്‍ന്ന വേഗ പരിധി മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നത് നാഷണല്‍ ഹൈവേയില്‍ 85 കിലോമീറ്ററും നാല് വരി പാതയില്‍ 90 കിലോമീറ്ററും സ്റ്റേയിറ്റ് ഹൈവേയില്‍ 80 കിലോമീറ്ററുമായി ഉയര്‍ത്തിയിട്ടുണ്ട്. ഹെവി വാഹനങ്ങളുടേത് 60 കിലോമീറ്ററില്‍ നിന്ന് നാഷണല്‍ ഹൈവേയിലും, 4 വരി പാതയിലും 65 കിലോമീറ്ററുമായി.

ഇരുചക്ര വാഹനങ്ങള്‍ നാല് വരി പാതയില്‍ 50 കിലോമീറ്റര്‍ വേഗത എന്നതില്‍ നിന്നും ഇനി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടിക്കാം. എന്നാല്‍ സ്‌റ്റേറ്റ് ഹൈവേയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ മാത്രമാണ് ഇരുചക്രവാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗത. ഓട്ടോറിക്ഷയുടെ പരമാവധി വേഗത 40 കിലോമീറ്റര്‍ ആയിരുന്നത് നാഷണല്‍ ഹൈവേയിലും 4 വരി പാതയിലും 50 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. സ്‌കൂള്‍ സമീപത്തുള്ള റോഡുകളില്‍ ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍, എന്നിവയുടെ വേഗപരിധി 25 കിലോമീറ്റര്‍ ആയിരുന്നത് 30 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നഗരപാതയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗവും എടുക്കാം. ഇത് നേരത്തെ 40 കിലോമീറ്റര്‍ ആയിരുന്നു.

speed-limit_1

ഇനി മുതല്‍ വാഹനങ്ങളുടെ വേഗം പരിശോധിക്കുന്ന സ്പീഡ് സെന്‍സിംഗ് ക്യാമറകള്‍ പുതിയ വേഗ പരിധിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. ബസ്, ലോറി എന്നിവയിലെ സ്പീഡ് ഗവര്‍ണ്ണറും പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.