പച്ചക്കറിവില കുതിച്ചുയരുന്നു ;വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ അരുണ്‍ ജെയ്റ്റ്ലി ഉന്നതതല യോഗം വിളിച്ചു

ദില്ലി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉന്നതതല ഉദ്യോസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. പച്ചക്കറിയുടെ വിലയാണ് കുതിച്ചുയരുന്നത്. തക്കാളിയുടെ വില കഴിഞ്ഞ ദിവസം കിലോയ്ക്ക് നൂറ് കടന്നു. ഉരുളക്കിഴങ്ങിന്റെ വിലയും കുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജെയ്റ്റ്‌ലി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

മന്തിമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, രാം വിലാസ് പാസ്വാന്‍, രാധാ മോഹന്‍ദാസ്, നിര്‍മലാ സീതാരാമന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാവും യോഗം ചര്‍ച്ച ചെയ്യുക.

അതേസമയം പച്ചക്കറികളുടെ വിലകൂടുന്നത് പതിവാണെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടു. എല്ലാക്കാലത്തും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തക്കാളിക്കും ഉരുളക്കിഴങ്ങിനും വിലവര്‍ദ്ധിക്കുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. തക്കാളിയുടെ വിലവര്‍ദ്ധനയെ കുറിച്ച് പ്രതികരിക്കവെയായിരുന്നു മന്ത്രിയുടെ അഭിപ്രായ പ്രകടനം.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്തി തക്കാളിയുടെ വില ഇരട്ടിയിലധികമാണ് വര്‍ദ്ധിച്ചത്. വന്‍നഗരങ്ങളില്‍ ചെന്നൈയിലാണ് ഏറ്റവും ഉയര്‍ന്ന വില. കഴിഞ്ഞ ദിവസം കിലോയ്ക്ക് 100 രൂപയായിരുന്നു തക്കാളിവില. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില കിലോയ്ക്ക് 120 രൂപയായിരുന്നു.