വട്ടംകുളം കൃഷിഭവന്‍ ഫെയ്‌സ്‌ബുക്ക്‌ പേജിന്‌ അന്തര്‍ദേശീയ അംഗീകാരം

Story dated:Monday October 5th, 2015,07 21:pm

10850065_10205435735043965_5513613588463708862_nഇന്റര്‍നാഷനല്‍ ഫുഡ്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌(ഐ.എഫ്‌.പി.ആര്‍.ഐ.) യും സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ഇന്നവേഷന്‍ ആന്‍ഡ്‌ സയന്‍സ്‌ പോളിസി (സി.ആര്‍.ഐ.എസ്‌.പി.) യും സംയുക്തമായി ഒക്ടോബര്‍ 16 ന്‌ ഹൈദരാബാദില്‍ നടത്തുന്ന ശില്‍പശാലയിലേയ്‌ക്ക്‌ വട്ടംകുളം കൃഷി ഓഫിസര്‍ പി.എം. ജോഷിക്ക്‌ ക്ഷണം. സംസ്ഥാനത്ത്‌ നിന്നും ശില്‌പശാലയിലേക്ക്‌ ക്ഷണം ലഭിച്ചത്‌ പി.എം. ജോഷിക്ക്‌ മാത്രമാണ്‌.
വിവിധ വിഷയങ്ങളില്‍ വിദഗ്‌ധരും ശാസ്‌ത്രജ്ഞരും പങ്കെടുക്കുന്ന വേദിയില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വികസനത്തിനും ഫെയ്‌സ്‌ബുക്ക്‌ ഉപയോഗപ്പെടുത്തുക എന്നത്‌ ആസ്‌പദമാക്കി അദ്ദേഹം വിഷയാവതരണം നടത്തും. കേരളത്തിലെ കൃഷിയെ സ്‌നേഹിക്കുന്ന ഫെയ്‌സ്‌ബുക്ക്‌ ഉപഭോക്താക്കള്‍ക്കും കേരള കൃഷി വകുപ്പിനും കിട്ടിയ അംഗീകാരമാണിതെന്ന്‌ കൃഷി ഓഫീസര്‍ പറഞ്ഞു. 2014 ല്‍ സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി ജോഷിയെ തിരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം മെയില്‍ തിരുവനന്തപുരത്ത്‌ നടന്ന മികച്ച കൃഷിഭവന്‍ മോഡലുകളുടെ അവതരണത്തിനും വട്ടംകുളം കൃഷിഭവന്‍ ശ്രദ്ധേയമായിരുന്നു.