വള്ളിക്കുന്നില്‍ സ്‌കൂട്ടറിടിച്ച്‌ പരിക്കേറ്റ യുവതി മരിച്ചു

Untitled-1 copyവള്ളിക്കുന്ന്‌: അമ്മയോടൊപ്പം ഡോക്ടറെ കണ്ട്‌ മടങ്ങവെ സ്‌കൂട്ടിറിടിച്ച്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പരുത്തിക്കാട്‌ കൂടേത്തിങ്ങല്‍ ഗോപിനാഥിന്റെ മകള്‍ രമ്യശ്രീ(24) ആണ്‌ മരിച്ചത്‌. ആയറങ്ങാടി റെയില്‍വേ ഗേറ്റിനും കച്ചേരിക്കുന്നിനും ഇടയില്‍ ബുധനാഴ്‌ച വൈകീട്ട്‌ നാലരയോടൊണ്‌ അപകടം സംഭവിച്ചത്‌. ആനങ്ങാടി ഭാഗത്തു നിന്നെത്തിയ സ്‌കൂട്ടര്‍ നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രമ്യശ്രീയെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെ മരിച്ചു. പരിക്കേറ്റ രമ്യശ്രീയുടെ അമ്മ സുഭാഷിണി കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലും സ്‌കൂട്ടര്‍ യാത്രക്കാരനായ സന്തോഷ്‌ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്‌.

കോട്ടക്കല്‍ ആദ്യവൈദ്യശാല ജീവനക്കാരനായ രാജേഷാണ്‌ രമ്യശ്രീയുടെ ഭര്‍ത്താവ്‌. സഹോദരന്‍ രഞ്‌ജിത്ത്‌. മൃതദേഹം കോഴിക്കോട്‌ മോഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്ക്‌ ശേഷം തിങ്കളാഴ്‌ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച്‌ ചെട്ട്യാര്‍മാട്‌ വെച്ചുണ്ടായ അപകടത്തില്‍ മരിച്ച രണ്ട്‌ യുവാക്കളില്‍ ഒരാളായ നെടിയങ്കണ്ടത്തില്‍ അഭിജിത്ത്‌(20) രമ്യശ്രീയുടെ അയല്‍വീട്ടുകാരനാണ്‌. അടുത്തടുത്ത വീടുകളിലുണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ ദുഖത്തിലാഴ്‌ത്തിയിരിക്കുകയാണ്‌.