വള്ളിക്കുന്നിലെ 17-37 കമിതാക്കള്‍ മടങ്ങിയത്തി; കണ്ടെത്തിയത് ഫെയ്‌സ് ബുക്ക് സഹായത്തോടെ

downloadവള്ളിക്കുന്ന് : വള്ളിക്കുന്നിലെ പരദൂഷണ കൂട്ടങ്ങളിലും, വെള്ളമടി കമ്പനികളിലും ഒരാഴ്ചയായി ഏറെ ചര്‍ച്ച ചെയ്ത പതിനേഴു വയസ്സുകാരന്റെയും, 37 കാരിയുടെയും ഒളിച്ചോട്ട കഥക്ക് ശുഭകരമായ പരിസമാപ്തി.

വീട്ടമ്മയുടെ സഹോദരന്റെ കാണാനില്ലെന്ന പരാതിയില്‍ പരപ്പനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അനേ്വഷണത്തിനൊടുവില്‍ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ പോലീസ് ഇരുവരെയും ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃമതിയായ കാമുകി തന്നെ ആരും തട്ടികൊണ്ട് പോയതല്ലെന്നും സ്വമേധയാ പോയതാണെന്നും ഇനി താന്‍ തന്റെ കാമുകനോടൊപ്പം പോവുകയാണെന്നും മജിസ്‌ട്രേറ്റിന് മൊഴി നല്‍കുകയായിരുന്നു. കോടതി ഇത് അംഗീകരിച്ച് യുവതിയെ കൗമാരക്കാരനായ കാമുകനോടൊപ്പം പോവാന്‍ അനുവദിച്ചു.

നാട്ടില്‍ നിന്ന് ബാഗ്ലൂരിലേക്ക് നാടുവിട്ട ഇരുവരും ബാംഗ്ലൂരില്‍ കുറച്ച് ദിവസം തങ്ങിയശേഷം ഗോവയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല. പിന്നീട് നായകന്റെ ഫെയ്‌സ്ബുക്ക് വാള്‍ ആക്ടീവാണെന്നും അപ്‌ലോഡിങ്ങ് നടക്കുന്നതായും പോലീസ് കണ്ടെത്തുകയായിരുന്നു. സൈബര്‍ ലോകത്തും വേഷം മാറാന്‍ കഴിവുള്ള പോലീസ് മറ്റൊരു ഐഡിയിലൂടെ നായകനുമായി സൗഹൃദം സ്ഥാപിക്കുകയും തന്ത്രപരമായി ഇവരെ നാട്ടിലെത്തിക്കുകയുമായിരുന്നു. ഇനിയും ചര്‍ച്ച ചെയ്യാന്‍ ഏറെ ബാക്കി വെച്ച് 17-37 ന്റെ പ്രണയകഥക്ക് താല്‍ക്കാലിക പരിസമാപ്തി.