വള്ളിക്കുന്നില്‍ പ്രണയാഭ്യര്‍ത്ഥിന നിരസിച്ച നേഴ്‌സിങ്‌ വിദ്യാര്‍ത്ഥിനിയെ കുത്തികൊല്ലാന്‍ ശ്രമം

Untitled-1 copyഅരിയല്ലൂര്‍: അരിയല്ലൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തികൊല്ലാന്‍ ശ്രമം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ്‌ അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചിലെ തെക്കകത്ത്‌ അനീഷയുടെ മകള്‍ മിസിരിയ (19) യെ ഓട്ടോഡ്രൈവറായ യുവാവ്‌ കുത്തികൊല്ലാന്‍ ശ്രമിച്ചത്‌.

ഇന്ന്‌ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ഇയാള്‍ കത്തി ഉപയോഗിച്ച്‌ കുത്തിയത്‌. കാലിനും, കഴുത്തിനുമാണ്‌ മിസിരിയക്ക്‌ കുത്തേറ്റത്‌. ഈ സമയം വീട്ടില്‍ പ്രായമായ ഒരു സ്‌ത്രീ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പെണ്‍കുട്ടിയെ കുത്തിയശേഷം വീട്ടിന്‌ മുന്നില്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്ന്‌ കളയുകയായിരുന്നു. കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെയാണ്‌ പെണ്‍കുട്ടിയെ ചെട്ടിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്‌. കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

കല്ലമ്പാറയിലെ ഷിഫ ആശുപത്രിയിലെ നേഴ്‌സിങ്‌ വിദ്യാര്‍ത്ഥിനിയായ മിസിരിയ ക്ലാസ്‌ കഴിഞ്ഞ്‌ ഇന്ന്‌ രാവിലെയാണ്‌ വീട്ടില്‍ തിരിച്ചെത്തിയത്‌. ഈ സമയം മിസിരിയയുടെ ഉമ്മ പണിക്ക്‌ പോയതായിരുന്നു. തന്നെ ആക്രമിച്ചത്‌ സഗ്‌വാന്‍ എന്ന ഓട്ടോ ഡ്രൈവറായ യുവാവാണെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയതായാണ്‌ സൂചന. നേരത്തെയും യുവാവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും നാട്ടുകാര്‍ ഇടപ്പെട്ട്‌ പ്രശ്‌നം പരിഹരിച്ചതായും സമീപവാസികള്‍ പറഞ്ഞു.

സംഭവത്തില്‍  പോലീസ്‌ അനേ്വഷണം ആരംഭിച്ചു.