അരിയല്ലൂര്‍ ബോര്‍ഡ് സ്‌കൂളില്‍ ഫുട്‌ബോള്‍ വോളിബോള്‍ കോര്‍ട്ടുകള്‍ ഉയരുന്നു

വള്ളിക്കുന്ന്: ബോര്‍ഡ് സ്‌കൂള്‍ എന്നറിയപ്പെടുന്ന അരിയല്ലൂര്‍ സര്‍ക്കാര്‍ കൂളില്‍ വോളിബോള്‍ ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ ഉയരുന്നു. ഇതിന് കളമൊരുക്കുന്നതാകട്ടെ അരിയല്ലൂര്‍ ഗ്രാമത്തിലെ പഴയ ഫുട്‌ബോള്‍ കളിക്കാരനും സൈനികനുമായിരുന്ന മൂത്താഞ്ചേരി ഉണ്ണിസാറിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളും.

1950 കളില്‍ അരിയല്ലൂരിന്റെ നാട്ടുമൈതാനങ്ങളില്‍ കാല്‍പന്തുകളിയുടെ രാജകുമാരനായിരുന്ന മൂത്താഞ്ചേരി ഉണ്ണി തന്റെ കൗമാരകാലത്ത് സൈന്യത്തില്‍ ചേരുകയായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ച അദേഹം തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലകനായി 20 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. അദേഹത്തില്‍ നിന്ന് ഫുട്‌ബോള്‍ പരിശീലനം നേടിയ 1978-79 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഉണ്ണിസാറിന്റെ ഓര്‍മ്മയ്ക്കായി അരിയല്ലൂര്‍ ബോര്‍ഡ് സ്‌കൂളില്‍ ഫുട്‌ബോള്‍,വോളിബോള്‍ കോര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

അരിയല്ലൂരിന് ഒരു കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കണമെന്ന ഉണ്ണിസാറിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജൂലൈ ഒന്നിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അഞ്ചുമണിവരെയാണ് സമര്‍പ്പണ ചടങ്ങ്. ചടങ്ങിന്റെ ഭാഗമായി ഒരു പ്രദര്‍ശന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.