വള്ളിക്കുന്നില്‍ അജ്ഞാത ജീവി ആടുകളെ കൊന്നു തിന്നു;നാട്ടുകാര്‍ ഭീതിയില്‍

വള്ളിക്കുന്ന്: നട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവി വള്ളിക്കുന്നില്‍. ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപമുള്ള പറോല്‍ പുതുശ്ശേരി ഷിനോയിയുടെ വീട്ടിലെ ആട്ടിന്‍കൂട് പൊളിച്ച് അതിലെ ഒരാടിനെ കൊന്ന് തിന്നുകയും ആട്ടിന്‍കുട്ടിയുടെ കഴുത്തിന് കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ആടിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു വലിയ ജീവി ഓടിപ്പോകുന്നത് കണ്ടതായും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ മറ്റൊരു വീടായാ പാറോല്‍ പ്രേമന്റെ വീട്ടിലെ ആട്ടിന്‍കൂട് പൊളിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ജീവി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തൊട്ടടുത്തുള്ള മാതോത്ത് ഭാസ്‌ക്കരന്റെ വീട്ടിലെ ആട്ടിന്‍കൂടും പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇവിടെയെല്ലാം തന്നെ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ വ്യക്തമായി കാണുന്നുണ്ട്. വിവരമറിയച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി എസ്‌ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ നിലമ്പൂര്‍ റേഞ്ച് ഒഫീസര്‍ അബ്ദുള്‍സലാം, പി എന്‍ അബ്ദുള്‍ റഷീദ്, അബ്ദുള്‍ മുനീര്‍ കുട്ടശ്ശേരി, സതീഷ് കുമാര്‍ കാരപ്പള്ളി എന്നിവര്‍ഉച്ചയ്ക്ക് സ്ഥലത്തെത്തി കല്‍പ്പാടുകള്‍ പരിശോധിച്ചു.

വളര്‍ത്തുമൃഗങ്ങളെ കൊന്നത് പുലിയല്ലെന്നും എന്നാല്‍ ഏതു മൃഗമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റേഞ്ച് ഓഫീസര്‍ അബ്ദുള്‍സലാം പറഞ്ഞു. അജ്ഞാത ജീവി ഇനിയും വരാന്‍ ഇടയുണ്ടെന്നും കരുതലോടെ ഇരിക്കണമെന്നും ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വള്ളിക്കുന്നിന്റെ പലഭാഗങ്ങളിലും പുലിയെ കണ്ടതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.