സ്വപ്‌നങ്ങളിമില്ലാതെ പുറമ്പോക്കിലെ ഓലപ്പുരയില്‍ ഒരമ്മയ്‌ക്കും മക്കള്‍ക്കും ദുരിത ജീവിതം

VALLIKKUNNU-PURAMBOKK BOOMIYILE KOORAKKU MUNNIL PRAMA copyവള്ളിക്കുന്ന്‌: തലചായ്‌ക്കാന്‍ സുരക്ഷിതമായൊരിടമില്ലാതെ ഒരമ്മയും രണ്ടുമക്കളും ദുരിത ജീവിതം നയിക്കുന്നു. റോഡരികിലെ പുറമ്പോക്ക്‌ ഭൂമിയില്‍ ഓലകൊണ്ട്‌ മറച്ച കൂരയില്‍ ഏട്ടുവര്‍ഷമായി കഷ്ടതയനുഭവിക്കുകയാണ്‌ ഈ അമ്മയും മക്കളും. ഒലിപ്രംകടവ്‌ പാലത്തിന്റെ അപ്രോച്ച്‌ റോഡരികിലാണ്‌ തറോല്‍ പ്രേമ(48)യും മക്കളായ പ്രജിത(18)യും പ്രജീഷും(17) കഴിയുന്നത്‌.

പ്രേമയെ 19 വര്‍ഷം മുമ്പ്‌ വിവാഹം കഴിച്ച തമിഴ്‌നാട്‌ സ്വദേശി ജയശങ്കരന്‍ രണ്ടു വര്‍ഷം മുമ്പ്‌ ഇവരെ ഉപേക്ഷിച്ച്‌ പോയി. ഇതോടെ മകന്റെ പഠനം മുടങ്ങി. ബന്ധുകളുടെയും നാട്ടുകാരുടെയും സഹായം കൊണ്ട്‌ മകള്‍ പ്രീപ്രൈമറി ടീച്ചിങ്‌ കോഴ്‌സ്‌ പഠനം തുടരുന്നുണ്ടെന്ന്‌ പ്രേമ പറഞ്ഞു.

യാതൊരു വിധ സുരക്ഷിതത്വവുമില്ലാതെ അടച്ചുറപ്പില്ലാത്ത വയല്‍ പ്രദേശത്തെ ചതുപ്പ്‌ നിലത്തുള്ള ഈ കൂരയില്‍ ഇഴജന്തുക്കളുടെ ശല്യവും പതിവാണ്‌. എന്നാല്‍ മഴക്കാലമാകുന്നതോടെ അപ്രോച്ച്‌ റോഡില്‍ നിന്നും മറ്റും മഴവെള്ളം കുത്തിയൊലിച്ച്‌ കൂരയ്‌ക്കുള്ളിലൂടെയാണ്‌ ഒഴുകിപോകുന്നത്‌. അപ്രോച്ച്‌ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ നേരെവന്ന്‌ പതിക്കുന്നത്‌ ഈ കൂരയ്‌ക്കു മുകളിലാണ്‌.

മകന്‍ പഠനം നിര്‍ത്തി ജോലിക്കു പോയെങ്കിലും അലര്‍ജി മൂലം പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്‌. പ്രേമയ്‌ക്ക്‌ വല്ലപ്പോഴും ലഭിക്കുന്ന തൊഴിലുറപ്പുപദ്ധതിയുടെ വരുമാനം മാത്രമാണ്‌ ഈ കൂടുംബത്തിന്റെ ഏക വരുമാന മാര്‍ഗം.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

അടച്ചുറപ്പുള്ള ഒരു വാടക വീട്ടിലേക്കെങ്കിലും താമസം മാറാന്‍ ഈ അമ്മയും മക്കളും ആഗ്രഹിക്കുന്നുണ്ടെങ്കിലും മാസവാടക ഓര്‍ക്കുമ്പോള്‍ അതിനും പറ്റാത്ത അവസ്ഥയിലാണ്‌. പ്രായമായ മകളെയും കൊണ്ട്‌ അടച്ചുറപ്പുള്ള ഒരു ചെറി വീട്ടില്‍ താമസിക്കണം എന്നതുമാത്രമാണ്‌ തന്റെ ഏക മോഹമെന്ന്‌ ഈ അമ്മ പറയുന്നു