വെല്‍ഡിംഗ്‌ ജോലിക്കിടെ യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു

VALLIKKUNNIL SHOKKETU MARICHA MUHAMMED KUTTI (1)വള്ളിക്കുന്ന്‌: വീടിന്റെ ഓപ്പണ്‍ ടെറസില്‍ കോഴി വളര്‍ത്താനും വിറക്‌ സംഭരണത്തിനും ഷീറ്റുപാകുന്നതിനായി വെല്‍ഡിംഗ്‌ ജോലി ചെയ്യുന്നതിനിടെ യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു. കീഴയില്‍ താമസിക്കുന്ന പരേതനായ നാരങ്ങാവില്‍ സെയ്‌താലികുട്ടിയുടെ മകന്‍ മുഹമ്മദ്‌കുട്ടി(47) ആണ്‌ മരിച്ചത്‌.

ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഭവം. ടെറസിനുമുകളില്‍ ഒറ്റയ്‌ക്ക്‌ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്‌കുട്ടി. വീഴ്‌ചയുടെ ശബ്ദം കേട്ട്‌ ഓടിയെത്തിയ ഭാര്യ സുലൈഖയാണ്‌ വീണുകിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്‌. ഇവരുടെ നിലവിളികേട്ട്‌ ഓടിയെത്തിയ അയല്‍വാസികളും സമീപത്ത്‌ വീടു നിര്‍മാണത്തിനെത്തിയ തൊഴിലാളികളും ചേര്‍ന്ന്‌ കോട്ടക്കലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്‌ചയ്‌ക്കിടയില്‍ തലയ്‌ക്ക്‌ പിറകില്‍ ക്ഷതമേറ്റിരുന്നു.

കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ നിന്നും പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ വാലയില്‍ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

മാതാവ്‌: സൈനബ. മക്കള്‍: സാദത്ത്‌ റഹ്മാന്‍, സാദത്ത്‌ സുബ്‌ഹാന്‍, സാദത്ത്‌ സഫ്‌വാന്‍, റിന്‍ഷിദ ഷെറിന്‍.