ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌ത്രീയുടെ അഞ്ചര പവന്റെ മാല കവര്‍ന്നു

Bike-Chain-Snatchersവള്ളിക്കുന്ന്‌ : ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌ത്രീയുടെ കഴുത്തില്‍ നിന്നും അഞ്ചര പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്ന്‌ രക്ഷപ്പെട്ടു. ചേലേമ്പ്ര കൊളക്കാട്ടുചാലിയിലെ ചേലുവീട്ടില്‍ ഹുസ്സൈന്റെ ഭാര്യ ഖമറുന്നിസയുടെ കഴുത്തില്‍ നിന്നാണ്‌ സ്വര്‍ണ്ണ മാല മോഷ്‌ടിച്ചത്‌. വീട്ടില്‍ നില്‍ക്കുകയായിരുന്നു ഖമറുന്നിസ. വീടിന്‌ മുന്നിലുള്ള വീട്‌ വാടകക്ക്‌ നല്‍കുമോ എന്ന്‌ അന്വേഷിക്കാനെന്ന വ്യാജേനയാണ്‌ രണ്ടംഗ സംഘം എത്തിയത്‌. ആളില്ലാത്തതിനാല്‍ വാടക വീട്ടുടമയുടെ ഫോണ്‍ നമ്പര്‍ സ്‌ത്രീയോട്‌ തിരക്കുകയായിരുന്നു. ഇതിനിടയിലാണ്‌ മാല പൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപ്പെട്ടത്‌. ഇന്നലെ ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ സംഭവം.
മാല പൊട്ടിച്ച്‌ ഓടുന്നതിനിടയില്‍ ബലപ്രയോഗത്തിനിടെ മാലയുടെ കുറച്ച്‌ ഭാഗം നിലത്ത്‌ നിന്നും വീണു കിട്ടി. മാല പൊട്ടിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.