വളാഞ്ചേരിയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വളാഞ്ചേരി: മോഷണക്കേസിലെ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്. ലാത്തിചാര്‍ജ്ജില്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

നാലുമാസം മുമ്പ് മാല മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശത്തിലൂടെ തിരിച്ചറിഞ്ഞ വീട്ടുകാര്‍ പ്രതിയെ പിടികൂടി വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലേല്‍ ഇന്നലെ ഏല്‍പ്പിക്കുകയും എന്നാല്‍ പ്രതിയുടെ പേരില്‍ ഒരു കേസും ചാര്‍ജ്ജ് ചെയ്യാതെ ഇയാളെ സ്ഥലത്തെ ഒരു പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവിനൊപ്പം പറഞ്ഞു വിടുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ്‌റ്റേഷന്‍ ഉപരോധിച്ചത്. ഉപരേധ സമരം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ പൊന്നാനി സിഐ അബ്ദുള്‍ മുനീറിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.