വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 6 ടണ്‍ മത്സ്യം പിടികൂടി

കോഴിക്കോട് :വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 6 ടണ്‍ മത്സ്യം പിടികൂടി. നാഗപട്ടണത്ത് നിന്ന് കൊണ്ടു വന്ന മത്സ്യത്തിലാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയത്. മത്സ്യത്തിന് പുറമേ ഐസിലും ഫോര്‍മാലിന്‍ അടങ്ങിയിട്ടുള്ലതായി പരിശോധനയില്‍ വ്യക്തമായി. മത്സ്യം പിന്നീട് ഭക്ഷ്യ സുരക്ഷാ വകുപ്പ് കുഴിച്ചു മൂടി.

വടകര ദേശീയപാതയില്‍ തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ലോറി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറിയ്ക്കുള്ളില്‍ മത്സ്യമാണെന്ന് കണ്ടെത്തി.

പിന്നീട് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തി. മത്സ്യത്തിനൊപ്പമുണ്ടായിരുന്ന ഐസിലും ഫോര്‍മാലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

വിശദമായ പരിശോധനയ്ക്കായി കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചു. നാഗപ്പട്ടണത്തു നിന്നും കണ്ണൂരിലേക്ക് കൊണ്ടു വന്ന മത്സ്യം അവിടെ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടു പോകുന്നുവെന്നായിരുന്നു ലോറി ഡ്രൈ
വറും സൂപ്പര്‍വൈസറും പോലീസിന് നല്‍കിയ വിവരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യം പിന്നീട് കുഴിച്ചു മൂടി.