വിഎസിനെ ക്യാബിനറ്റ്‌ റാങ്കോടെ ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനാകും

v s തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനാക്കും. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭ അംഗീകരിച്ചു. നിയമപരമായുള്ള സാങ്കേതിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വിഎസ് ചുമതല ഏറ്റെടുക്കും. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.

വി എസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. ഇതിന് വി എസും അനുകൂലമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇരട്ടപദവി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പോംവഴി തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിയമഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.