Section

malabari-logo-mobile

ബാര്‍ ലൈസന്‍സ് സുധീരന്റെ അഭിപ്രായം തള്ളിയേക്കും;ലീഗ് നിലപാട് നിര്‍ണ്ണായകം

HIGHLIGHTS : തിരു :കേരളത്തിലെ നിലവാരമില്ലാത്ത 418 ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള തീരുമാനം വൈകുന്നതിനിടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ...

vm sudeeranതിരു :കേരളത്തിലെ നിലവാരമില്ലാത്ത 418 ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള തീരുമാനം വൈകുന്നതിനിടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിനെതിരെ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. ഈ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന പരസ്യ പ്രസ്താവനയുമായി എക്‌സൈസ് മന്ത്രി കെ ബാബു രംഗത്തെത്തി.

ഇന്നലെ ടു സ്റ്റാര്‍ പദവിയും നിലവാരവുമുള്ള ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ കെപിസിസി ഏകോപനസമിതിയില്‍ സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയടക്കമുള്ള മറ്റുള്ളവരെല്ലാം ലൈസന്‍സ് പുതുക്കി നല്‍കണമെന്നും ഈ അബ്കാരി വര്‍ഷത്തിനുള്ളില്‍ നിലവാരമുയര്‍ത്തിയാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. ഭിന്നത രൂക്ഷമായതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

sameeksha-malabarinews

എന്നാല്‍ സുധീരന്റെ അഭിപ്രായം ഈ വിഷയത്തില്‍ മാനിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലുള്ള പൊതുവികാരം. നിയമപരമായും പ്രായോഗികമായും അനുയോജ്യമായ നിലപാട് എടുക്കണമെന്നും വരുന്ന യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കെപിസിസി പ്രസിഡന്റിനെ കൊണ്ട് അംഗീകരിപ്പിക്കാനാകുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.
ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച കേസുകള്‍ വരും ദിവസങ്ങളില്‍ വാദം കേള്‍ക്കാനിരിക്കെ സര്‍ക്കാര്‍ നിലപാട് എത്രയും പെട്ടെന്ന് തീരുമാനിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് ഈ വിഷയത്തില്‍ സമവാക്യത്തില്‍ എത്തിയതിന് ശേഷമേ യുഡിഎഫില്‍ ഇത് ചര്‍ച്ചക്ക് വെക്കാനാകൂ എന്നതും സര്‍ക്കാരിനെ കുഴക്കുന്നു.

യുഡിഎഫ് യോഗത്തില്‍ ഈ ബാര്‍ലൈസന്‍സുകള്‍ പുതുക്കുന്ന കാര്യത്തില്‍ മുസ്ലീം ലീഗ് എന്ത് നിലപാടെടുക്കുമെന്നുള്ളത് നിര്‍ണ്ണായകമായിരിക്കും. മുസ്ലീം ലീഗിന്റെ ഒരു വിഭാഗം മദ്യ ഷാപ്പുകളുടെയും ബാറുകളുടെയും എണ്ണം പരമാവധി കുറക്കണമെന്ന അഭിപ്രായമുള്ളവരാണ്. ഇത് ലീഗ് നിലപാടിനെ സ്വാധീനിച്ചാല്‍ യുഡിഎഫില്‍ ഈ വിഷയത്തില്‍ ഒരു വ്യക്തമായ തീരുമാനമെടുക്കുക ദുഷ്‌കരമാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!