ഹൈക്കോടതി പരമാര്‍ശം പരിധിവിട്ടെന്ന് സുധീരന്‍

19TV_P1_PROMO_SUDHE_955907fതിരുവനന്തപുരം: യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍ ഒ സി നല്‍കരുതെന്ന കെ പി സി സി സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം അധികാര പരിധി വിട്ടുള്ളതാണെന്നു വി എം സുധീരന്‍.

കെ പി സി സിയുടെ ഭാഗം കേള്‍ക്കാതെയുള്ള പരാമര്‍ശം നീതി നിഷേധമാണെന്നു സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശം സാമാന്യ നീതിക്കു നിരക്കാത്തതും സ്വാഭാവിക നീതിയുടെ നിഷേധവുമാണ്.

കോടതിയോടു കോണ്‍ഗ്രസിന് ആദരവാണുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു പരാമര്‍ശം കോടതി നടത്തുമായിരുന്നില്ല. പാര്‍ട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറവു വയ്ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇനിയും മടി കാണിക്കില്ല. പാര്‍ലമെന്ററി സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രധാന പങ്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.