സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

mla-strikeതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എ മാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അനൂപ് ജേക്കബ് എംഎല്‍എ ഇന്നലെ നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു.

അതെസമയം നിയമസഭ വീണ്ടും സമ്മേളിക്കുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ജനപ്രതിനിധികള്‍ നിരാഹാരമിരുന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചനടത്താത്തതില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന് വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എ മാര്‍ നടത്തി വരുന്ന നിരാഹാര സമരം ഒത്തു തീര്‍പ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

എന്നാല്‍ തുടര്‍ച്ചയായി നിയമസഭ സ്തംഭിച്ചുകൊണ്ടുള്ള യുഡിഎഫിന്റെ സമര രീതിയെ അംഗീകിരക്കാനാകില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി ഇന്നലെ രംഗത്തെത്തിയിരുന്നു.