യുഎഇയില്‍ തൊഴിലാളികള്‍ക്ക്‌ നിര്‍ബന്ധിത ഉച്ചവിശ്രമം

uae labourയുഎഇയില്‍ തൊഴിലാളികള്‍ക്ക്‌ നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തുന്നു. വ്യാഴാഴ്‌ച മുതലാണ്‌ വിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടര മുതല്‍ മൂന്ന്‌ മണിവരെയാണ്‌ വിശ്രമം. ഉച്ചവിശ്രമം പാലിക്കുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കുമെന്ന്‌ മനുഷ്യവിഭവശേഷി സ്വദേശി വത്‌കരണമന്ത്രാലയം വ്യക്തമാക്കി.

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തിലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഉച്ചവിശ്രമം അനുവദിക്കുക. പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കൊടുംചൂടില്‍ നിന്നും രക്ഷിക്കുന്നതിനാണ് ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കാന്‍ മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  സെപ്റ്റംബര്‍ പതിനഞ്ച് വരെ ആണ് വിശ്രമം അനുവദിക്കുക. ഉച്ചവിശ്രമനിയമം ഏല്ലാ മേഖലയിലും പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടോ എന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം നിരീക്ഷിക്കും. ഇതിനായി പതിനെട്ട് സംഘത്തെയാണ് മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ സംഘം രാജ്യത്തെമ്പാടുമായി എണ്‍പതിനായിരത്തോളം പരിശോധനകള്‍ നടത്തും.

ഉച്ചവിശ്രമനിയമം അനുസരിച്ച് രാത്രിയിലും പകലുമായി ജോലി സമയം പുന:ക്രമീകരിക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പുന:ക്രമീകരിക്കുമ്പോള്‍ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധികസമയം ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഓവര്‍ടൈം നല്‍കുകയും വേണം. ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് തൊഴിലാളി ഒന്നിന് അയ്യായിരം ദിര്‍ഹം എന്ന രീതിയില്‍ പിഴ ഒടുക്കേണ്ടിവരും. പരമാവധി അന്‍പതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.

വൈദ്യുതി, കുടിവെള്ളവിതരണം തുടങ്ങിയ മേഖലകളില്‍ അടിയന്തരഘട്ടങ്ങളില്‍ നിരോധിത സമയത്തും ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles