യുഎഇയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ശനിയാഴ്‌ച പണമിടപാട്‌ നിര്‍ത്തലാക്കുന്നു

downloadഅബുദാബി: യുഎയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ശനിയാഴ്‌ച പണിമിടപാട്‌ നടത്തുന്നത്‌ നിര്‍ത്തലാക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കാണ്‌ ഇക്കാര്യത്തെ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ നിലവില്‍ ദുബൈയില്‍ ബാങ്കുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌.

രാജ്യത്തെ ബാങ്കുകള്‍ക്ക്‌ പുറമെ മണി എക്‌സ്‌ചേഞ്ച്‌ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിയമം സെപ്‌തംബര്‍ അഞ്ചുമുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകളില്‍ നിന്ന്‌ പണം പിന്‍വലിക്കുക, നിക്ഷേപിക്കുക തുടങ്ങിയ ഇടപാടുകളാണ്‌ ശനിയാഴ്‌ചകളില്‍ നിര്‍ത്തലാക്കുന്നത്‌. ചെക്ക്‌ ക്ലിയന്‍സ്‌ സിസ്റ്റം, യുഎഇ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ സിസ്റ്റം തുടങ്ങിയ സേവനങ്ങള്‍ ശനിയാഴ്‌ചയും ലഭ്യമാകും.

പുതുക്കിയനിയമം സംബന്ധിച്ച സെന്‍ട്രല്‍ ബാങ്ക്‌ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. യുഎഇ ബാങ്ക്‌സ്‌ ഫെഡറേഷനുമായി ആലോചിച്ചതിന്‌ ശേഷമാണ്‌ നടപടിയെന്ന്‌ സെന്‍ട്രല്‍ ബാങ്ക്‌ വ്യക്തമാക്കി. അതെസമയം ഈദ്‌ അടക്കമുള്ള പൊതു അവധി ദിവസങ്ങളില്‍ പ്രത്യേക അറിയിപ്പോടെ പണമിടപാട്‌ സൗകര്യം അനുവദിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക്‌ അറിയിച്ചു.