തുര്‍ക്കിയില്‍ ബോട്ട്‌ മുങ്ങി 36 അഭയാര്‍ത്ഥികള്‍ മരച്ചു

6771606-3x2-940x627ഇസ്‌താംബുള്‍: തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ടുകള്‍ മുങ്ങി 36 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന്‌ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്‌. തുര്‍ക്കി വഴി ഗ്രീസിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ അപകടമുണ്ടായത്‌. മോശം കാലാവസ്ഥയെ തുടര്‍ന്നാണ്‌ അപകടമുണ്ടായതെന്നാണ്‌ സൂചന. തുര്‍ക്കിയില്‍ നിന്ന്‌ ഗ്രീസിലേക്ക്‌ കടക്കാന്‍ ശ്രമിക്കുകയായിരുന്ന അഭയാര്‍ത്ഥികളാണ്‌ അപകടത്തില്‍പെട്ടത്‌. അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട്‌ ബോട്ടുകളാണ്‌ മുങ്ങിയത്‌. ഐവാലിക്‌ പ്രദേശത്തു നിന്ന്‌ 22 പേരുടെയും ദിക്ലിയില്‍ നിന്ന്‌ 14 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ബോട്ടുകള്‍ കടലിലെ പാറയില്‍ ഇടിക്കുകയായിരുന്നെന്നാണ്‌ സൂചന. അപകടത്തില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തിയതായും തീരദേശ സേന അറിയിച്ചു.

അതെസമയം കൂടതല്‍ പേര്‍ കടലില്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന്‌ തെരച്ചില്‍ പുരോഗമിക്കുകയാണ്‌. അഞ്ചു ബോട്ടുകളും ഹെലികോപ്‌ടറുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌.

ഞായറാഴ്‌ച രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം ഗ്രീക്‌ തീരത്ത്‌ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പത്‌ ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഗ്രീക്‌ ജലാതിര്‍ത്തി വഴി യൂറോപ്പിലെത്തിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. യൂറോപ്പിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെ ബോട്ട്‌ മുങ്ങിയുള്ള അപകടം പതിവാവുകയാണ്‌