പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു; സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. കൊല്ലത്തെ ആശ്രമത്തിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ഥപാദ എന്ന ശ്രീഹരി(54)യാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജനനേന്ദ്രിയത്തിന് തൊണ്ണൂറു ശതമാനവും മുറിവേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്ലസ്ടുവിന് പഠിക്കുന്ന കാലം തൊട്ട് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് ഇരുപത്തിമൂന്ന് കാരിയായ യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഇന്നലെയും തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയ യുവതി ഒരു കത്തി കയ്യില്‍ കരുതുകയും ഇന്ന് പുലര്‍ച്ചയോടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കൊല്ലത്തെ ആശ്രമത്തില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാമിയുമായി യുവതിയുടെ കുടുംബം അടുപ്പത്തിലായത്. പിന്നീട് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാള്‍ പൂജയ്ക്കും മറ്റുമായി ഇവരുടെ വീട്ടില്‍ എത്തുക പതിവായി. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചത്. ഇക്കാര്യം അറിഞ്ഞിട്ടും അമ്മ ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തെന്നാണ് പോലീസിന്റെ നിഗമനം.

Related Articles