തലവരിപ്പണം വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

pinarayi vijayanതിരുവനന്തപുരം: സ്വാശത്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏതെങ്കിലും കോളേജുകള്‍ തലവരിപ്പണം വാങ്ങുന്നതായി തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജെയിംസ് കമ്മിറ്റിക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്നത് ഭീകരമായ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാല്‍ സമരക്കാര്‍ അക്രമം നടത്തുകയായിരുന്നെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യന്ത്രി മറുപടി നല്‍കി. മഷി ഷര്‍ട്ടില്‍ പുരട്ടിയിട്ട് അക്രമിച്ചു എന്ന് പറയുന്നത് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബാനറുകള്‍ ഉയര്‍ത്തിക്കാട്ടുന്നത് ക്യാമറകള്‍ക്ക് വേണ്ടിയാണെന്നും അദേഹം പറഞ്ഞു.

ഏതെസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ചെന്നിത്തല രംഗത്തെത്തി. തെരുവില്‍ സംസാരിക്കുന്നത് പോലയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുന്നതെന്ന് ചെന്നിത്തല വിമര്‍ച്ചു.