തിരുവനന്തപുരം ബിവറേജസില്‍ വ്യാജ മദ്യവില്‍പ്പന

liquarതിരു: ബിവറേജസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ വില്‍പനശാലയില്‍ വ്യാജമദ്യ വില്‍പ്പന. കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കര്‍ പതിച്ചാണ് കിംഗ്ഫിഷര്‍ ബിയര്‍ ഇവിടെ വില്‍പ്പന നടത്തിയത്. പൂട്ടിയ ബാറുകളിലെ സെക്കന്റ്‌സ് മദ്യം ബിവറേജസില്‍ എത്തിക്കുന്നതായാണ് സൂചന.

ബിവറേജസ് കോര്‍പ്പറേഷന്റെ അമ്പലമുക്കിലെ 1020-ാം നമ്പര്‍ വില്‍പ്പനശാലയിലാണ് കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കര്‍ പതിച്ച കിംഗ്ഫിഷര്‍ ബിയര്‍ ലഭിച്ചത്. കുപ്പിയുടെ അടപ്പില്‍ സര്‍ക്കാരിന്റെ ഹോളോഗ്രാമും കുപ്പിക്ക് പുറത്ത് കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കറും ഉണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നതിന്റെ തെളിവ് കുപ്പി നിര്‍മ്മിച്ചപ്പോള്‍ തന്നെ അതില്‍ ആലേഖനം ചെയ്ത കിങ്ഫിഷര്‍ ലോഗോയില്‍ ഒളിഞ്ഞിരിക്കുന്നത് തട്ടിപ്പ് സംഘം ശ്രദ്ധിച്ചില്ല.

വേനല്‍ക്കാലമായതോടെ ബിയറിന് ആവശ്യക്കാര്‍ ഏറെയുണ്ട്. വേണ്ടവര്‍ക്കെല്ലാം ബിയര്‍ പലപ്പോഴും ബിവറേജസ് ഷോപ്പുകളില്‍ ലഭിക്കാറുമില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് വ്യാജമദ്യ ലോബി ബിയര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നിലല്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വില്‍പനശാലയില്‍ നിന്നുതന്നെ വ്യാജമദ്യം ലഭിച്ചത് ആശങ്കയുയര്‍ത്തിയിരിക്കുകയാണ്.