തൃശ്ശൂരില്‍ വൈദികന്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ചു

sexual-abuseതൃശ്ശൂര്‍ : ഒല്ലൂര്‍ തൈക്കാട്ട്‌ശ്ശേരിയില്‍ 9 വയസ്സുകാരിയെ വൈദികന്‍ പീഡിപ്പിച്ചു. ഒല്ലൂര്‍ തൈക്കാട്ട്‌ശ്ശേരി സെന്റ്‌പോള്‍സ് പള്ളിവികാരി ഫാദര്‍ രാജു കൊക്കനാണ് 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഏപ്രില്‍ 8,11,24 തിയ്യതികളിലായാണ് വൈദികന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ ചിത്രം വൈദികന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. നിര്‍ധന കുടുംബത്തിലെ ഈ പെണ്‍കുട്ടിക്ക് ആദ്യ കുര്‍ബാനക്ക്് ആവശ്യമായ വസ്ത്രം സൗജന്യമായി നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഓഫീസിലെത്തിയപ്പോഴാണ് സംഭവം നടന്നത്.

പെണ്‍കുട്ടി സംഭവം മാതപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വനിതാ സെല്ലില്‍ അറിയിക്കുകയും പോലീസില്‍ പരാതിപെടുകയുമായിരുന്നു. ഇന്നലെ തന്നെ പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി എടുത്തിട്ടുണ്ട്.

വൈദികനെതിരെ മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മൊബൈല്‍ഫോണില്‍ ചിത്രമെടുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.