ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തിവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തിവച്ചിട്ടില്ലെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു സഹായ പദ്ധതിയും മുടങ്ങിയിട്ടുമില്ല. ഒരു പദ്ധതിയുടെ ഫണ്ടില്‍ കുറവ് വരുന്ന മുറയ്ക്ക് മറ്റൊരു പദ്ധതിയിലൂടെ രോഗിക്ക് സേവനം ലഭ്യമാക്കുന്നുണ്ട്. ഈ സഹായ പദ്ധതികളില്‍ കോടികള്‍ കുടിശികയുള്ള സമയത്താണ് സര്‍ക്കാര്‍ അധികാരത്തിലേറ്റത്. എന്നാല്‍ കുടിശികയെല്ലാം തീര്‍ത്ത് പദ്ധതി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഫെഡറല്‍ വ്യവസ്ഥിതിയില്‍ സംസ്ഥാനത്തിന്റേതായ താത്പര്യംകൂടി ഉള്‍ക്കൊണ്ട് ഫണ്ട് അനുവദിക്കണം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല പദ്ധതികളിലും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്. അംഗന്‍വാടികള്‍, ക്രഷുകള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ ഫണ്ടുകളാണ് വെട്ടിച്ചുരുക്കിയത്.

ഐ.സി.ഡി.എസിന്റെ കേന്ദ്ര വിഹിതം 2017 ഡിസംബര്‍ ഒന്നു മുതല്‍ 60:40 എന്ന ആനുപാതത്തില്‍ നിന്നും 25:75 ആക്കിയാണ് വെട്ടിക്കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ ക്രഷുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ക്രഷുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് 60 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 571 ക്രഷുകളാണ് 2017 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ശിശുമന്ദിരങ്ങളിലെ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം അടക്കം ഉള്‍ക്കൊള്ളുന്ന സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) കേന്ദ്ര വിഹിതവും 2017 ഡിസംബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിക്കുന്നു. സംസ്ഥാനം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യതയേല്‍പ്പിക്കുന്ന കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ഈ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് തുണയേകുന്ന സ്വാവലംഭന്‍ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രതിസന്ധിയിലാണ്. ഈ പദ്ധതിപ്രകാരം അടയ്‌ക്കേണ്ടിയിരുന്ന ഒരുലക്ഷം ഭിന്നശേഷിക്കാരുടെ പ്രീമിയം തുകയായ 3.57 കോടി രൂപ കേരള സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ വിഹിതം നല്‍കാത്തത് കാരണം ഭിന്നശേഷിക്കാര്‍ക്ക് ഈ ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നേരെയുള്ള വ്യാജ പ്രചരണങ്ങളേയും മന്ത്രി വിമര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം ഒരു രോഗിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയശേഷം തിരികെ കൊണ്ടുവന്നത് വലിയൊരുദാഹരണമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.