Section

malabari-logo-mobile

പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തൂ: ബസില്‍ യാത്ര ചെയ്യുന്നത്‌ ശീലമാക്കൂ -മോട്ടോര്‍ വാഹന വകുപ്പ്‌

HIGHLIGHTS : മലപ്പുറം: പൊതുഗതാഗത സംവിധാനം പ്രാഥമികമായ യാത്രാ മാധ്യമമാക്കുക എന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കാര്യമാണെന്ന്‌ മോട്ടോര്‍

2008012859990301മലപ്പുറം: പൊതുഗതാഗത സംവിധാനം പ്രാഥമികമായ യാത്രാ മാധ്യമമാക്കുക എന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കാര്യമാണെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌. ഇത്തരത്തിലുള്ള ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെങ്കില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ ബൈക്ക്‌ വാങ്ങി നല്‍കാതിരിക്കണം. അവരെ സ്‌കൂളിലേയ്‌ക്കും കോളെജിലേക്കും ബസില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌ മൂലം അവര്‍ക്ക്‌ ബസ്‌ യാത്രക്കാരായ നല്ല സുഹൃത്തുക്കളെ ലഭിക്കുന്നു. കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ ബൈക്ക്‌ വാങ്ങി നല്‍കുന്നതിലൂടെ അവര്‍ക്ക്‌ ജനങ്ങളുമായുള്ള സമ്പര്‍ക്കവും പൊതുഗതാഗത സംവിധാനത്തോടുള്ള താത്‌പര്യവും കുറയുകയാണ്‌ ചെയ്യുന്നത്‌.
വരുമാനത്തിന്റെ 20 ശതമാനം വാഹനത്തിന്‌
സാധാരണക്കാരുടെ വരുമാനത്തിന്റെ 20 ശതമാനം വാഹനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നത്‌ അതിശയമാണ്‌. കൂടാതെ വാഹനത്തിന്റെ വില, ഇന്‍ഷുറന്‍സ്‌ കവറെജ്‌, വാഹനത്തിന്റെ ഡിപ്രീസിയെഷന്‍, ഇന്ധന ചെലവ്‌, റോഡ്‌ ടാക്‌സ്‌ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു കിലോമീറ്ററിന്‌ രണ്ട്‌ രൂപയിലധികം വരും. പക്ഷേ യാത്രാ മാധ്യമമായി ബസ്‌ ഉപയോഗിക്കുമ്പോള്‍ ഒരു കിലോമീറ്ററിന്‌ 54 പൈസ മാത്രമേ വരുന്നുള്ളൂ. അതുകൊണ്ട്‌ ബസ്‌ യാത്രാ മാധ്യമമായി ഉപയോഗിക്കണമെന്ന്‌ ആര്‍.ടി.ഒ അറിയിച്ചു.
പെട്രോള്‍, ഡീസല്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യന്‍ രൂപ വിദേശത്തേയ്‌ക്ക്‌ പോകുന്നു. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ ഇത്‌ താങ്ങാനാവാത്ത ഭാരമാകുകയും ചെയ്യുന്നു. അതിനാല്‍ സമ്പദ്‌ ഘടനയുടെ രക്ഷയ്‌ക്ക്‌ ഡീസല്‍, പെട്രോള്‍ ഉപഭോഗം കുറയ്‌ക്കേണ്ടിയിരിക്കുന്നു. ബസ്‌ യാത്രാ മാധ്യമമാക്കുന്നതിലൂടെ നിങ്ങളും ഇതില്‍ പങ്കാളികളാകുന്നു.
ജില്ലയില്‍ ഒരാഴ്‌ച 2000 ഓളം വാഹന രജിസ്‌ട്രേഷന്‍:
മലപ്പുറത്ത്‌ ആഴ്‌ചയില്‍ 2000 മോട്ടോര്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത്‌ നിരത്തിലിറങ്ങുന്നുണ്ട്‌. കേരളത്തെ സംബന്ധിച്ചിടത്തോളം റോഡ്‌ വീതി കൂട്ടുക എന്നത്‌ സാക്ഷാത്‌ക്കരിക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്വപ്‌നമാണ്‌. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കേരളത്തില്‍ 20 ശതമാനം വര്‍ധിക്കുമ്പോള്‍ മലപ്പുറത്ത്‌ ഇത്‌ 25 ശതമാനമാണ്‌. ഈ സാഹചര്യത്തില്‍ റോഡുകള്‍ക്ക്‌ വാഹനങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത സഥിതിവിശേഷം ഉണ്ടാവുന്നു. റോഡ്‌ വീതി കൂട്ടുവാനോ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിയന്ത്രിക്കുവാനോ പറ്റാത്ത സാഹചര്യമാണ്‌.
ബസ്‌ യാത്ര കൂടുതല്‍ സുരക്ഷിതം:
ഒരു വലിയ ബസ്‌ ഒരു ദിവസം ഏകദേശം 1000 യാത്രക്കാരെ വഹിക്കും. അല്ലെങ്കില്‍ ഈ 1000 യാത്രക്കാരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നു. ജില്ലയില്‍ ബസുകളുടെ എണ്ണം താരതമ്യേന വര്‍ധിക്കുന്നില്ല എന്ന്‌ തന്നെ പറയാം. ഒരു വര്‍ഷം 10 ശതമാനമെങ്കിലും ബസുകളുടെ എണ്ണം വര്‍ധിച്ചാല്‍ 20 ശതമാനത്തോളം അപകടങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. റോഡ്‌ അപകടങ്ങള്‍ കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഡ്രൈവര്‍മാരുടെ എണ്ണം കുറയ്‌ക്കുക എന്നതാണ്‌.
അപകട സ്ഥിതിവിവരകണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാഹനാപകടത്തില്‍ പെടുന്നവരില്‍ 65 ശതമാനവും മോട്ടോര്‍ സൈക്ക്‌ള്‍ ഓടിക്കുന്നവരും കാല്‍നടയാത്രക്കാരുമാണ്‌. ജില്ലയില്‍ ഏകദേശം രണ്ട്‌ ലക്ഷത്തോളം പേര്‍ ബസ്‌ യാത്ര ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസ്‌ വകുപ്പിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ മൂലം ജില്ലയില്‍ ബസ്‌ അപകടങ്ങള്‍ വളരെ കുറവാണ്‌. പല അപകടങ്ങളും ബസ്‌ ഡ്രൈവര്‍മാരുടെ കുഴപ്പമല്ല. യാത്രക്കാരുടെ എണ്ണവും ആനുപാതികമായ ബസപകടങ്ങളും കണക്കിലെടുക്കുമ്പോള്‍ ബസ്‌ യാത്ര തന്നെയാണ്‌ സുരക്ഷിതം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!