റിസര്‍വേഷനില്ലാത്തവര്‍ക്ക്‌ ഇനി സ്ലീപ്പര്‍ക്ലാസ്‌ ടിക്കറ്റുകള്‍ ലഭിക്കില്ല

images copyപാലക്കാട്‌: റിസര്‍വ്വേഷനില്ലാത്തവര്‍ക്ക്‌ ഇനി സ്ലീപ്പര്‍ക്ലാസ്‌ ടിക്കറ്റെടുത്ത്‌ യാത്രചെയ്യാന്‍ സാധിക്കില്ല. സ്ലീപ്പര്‍ ക്ലാസ്‌ ടിക്കറ്റുകള്‍ നല്‍കുന്നത്‌ റെയില്‍ വേ നിര്‍ത്തിവെച്ചു. ഇന്നലെ മുതലാണ്‌ സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഒഴിവാക്കിയത്‌. റിസര്‍വേഷന്‍ ടിക്കറ്റെടുത്ത്‌ യാത്രചെയ്യുന്നവര്‍ക്ക്‌ അസൗകര്യം ഉണ്ടാകുന്നു എന്ന പരാതിയിന്‍മേലാണ്‌ നടപടി.

സെപ്‌റ്റംബര്‍ 16 ന്‌ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നെങ്കിലും ശനിയാഴ്‌ചമുതലാണ്‌ നടപ്പിലാക്കി തുടങ്ങിയത്‌. ഇതോടെ ദൂരയാത്രകള്‍ക്ക്‌ ഏറെ സൗകര്യ പ്രദമായിരുന്ന സംവിധാനമാണ്‌ ഇല്ലാതായിരിക്കുന്നത്‌. സ്ലീപ്പര്‍ ടിക്കറ്റുകളെടുത്ത്‌ റിസര്‍വ്‌ഡ്‌ കാമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നവരും റിസര്‍വേഷന്‍ യാത്രക്കാരുമായി തര്‍ക്കങ്ങളുണ്ടാകുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു.

ഇത്‌ റിസര്‍വ്‌ഡ്‌ യാത്രക്കാര്‍ക്ക്‌ അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക്‌ നിയന്ത്രണം വേണമെന്ന്‌ ആവശ്യവുമുയര്‍ന്നിരുന്നു.

ഇതോടെ അത്യാവശ്യ യാത്രകള്‍ക്ക്‌ ഇനി മുന്‍കൂട്ടി റിസര്‍വ്‌ ചെയ്യാതെ യാത്രചെയ്യാനാവില്ല. പെട്ടന്നുള്ള ദൂരയാത്രകള്‍ക്കാണെങ്കില്‍ പോലും ഇനി സാധാരണ ടിക്കറ്റെടുത്ത്‌ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മാത്രമെ യാത്രചെയ്യാന്‍ സാധിക്കുകയുള്ളൂ. അതേസമയം സാധാരണ ടിക്കറ്റുള്ളവര്‍ക്ക്‌ ഉയര്‍ന്ന കമ്പാര്‍ട്ടുമെന്റുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ബന്ധപ്പെട്ട്‌ അധിക തുക കൊടുത്ത്‌ യാത്രചെയ്യാനാകും.