ആന്ധ്രയില്‍ ട്രെയിന്‍ പാളം തെറ്റി: മരണം 32

ഹൈദരാബാദ്: ആന്ധ്രയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസാണ് പാളം തെറ്റിയത്. ശനിയാഴ്ച രാത്രി 11 നായിരുന്നു അപകടം. ട്രെയിന്റെ ഒന്‍പതു ബോഗികളാണ് പാളം തെറ്റിയത്.

ഒഡീഷയിലെ റയാഡയില്‍നിന്നും 30 കിലോമീറ്റര്‍ മാറി കുലേരി റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. രണ്ടു ജനറല്‍ കോച്ചുകളും രണ്ടു സ്ലീപ്പര്‍ കോച്ചും ഒരു എസി ത്രീ ടയര്‍ കോച്ചുമുള്‍പ്പെടെയാണ് പാളം തെറ്റിയത്. 22 കോച്ചുകളാണ് ട്രെയിനിനുള്ളത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകടസ്ഥലം സന്ദര്‍ശിക്കും.