ട്രാഫിക് സംവിധാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം: താലൂക്ക് സമിതി

images (6)പെരിന്തല്‍മണ്ണ: ബസ് സര്‍വ്വീസുകള്‍ അപര്യാപ്തമായ റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി. തിരക്ക് കൂടുതലുള്ള ഭാഗങ്ങളില്‍ ആവശ്യമായ ട്രാഫിക് സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു. പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ ബസുകള്‍ നിര്‍ത്തുന്നത് മൂലമുണ്ടാകുന്ന തിരക്കിന് ഉടന്‍ പരിഹാരം കാണണമെന്ന് സമിതി അഭിപ്രായപ്പെട്ടു.

ബസ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പരിഹാരം കാണാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഊര്‍ജിത ഇടപെടല്‍ ആവശ്യമാണെന്ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി പറഞ്ഞു.

മാവേലി സ്റ്റോറുകളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സബ്‌സിഡി ഇനത്തില്‍ ലഭ്യമാകുന്നുണ്ടോയെന്ന് വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. താലൂക്കിലെ മാവേലി സ്റ്റോറുകളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭ്യമല്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ആദിവാസി കുടുംബങ്ങള്‍ക്ക് അര്‍ഹമായ അളവില്‍ റേഷന്‍കടകള്‍ വഴി എല്ലാ സാധനങ്ങളും ലഭ്യമാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, ജില്ലാ പഞ്ചായത്തംഗം ഹാജറുമ്മ, താലൂക്ക് തഹസില്‍ദാര്‍ എം റ്റി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു