ഐക്കരപ്പടിയില്‍ ടൂറിസ്റ്റ്‌ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 5 മരണം

Untitled-1 copyമലപ്പുറം:ഐക്കരപ്പടിക്ക്‌ സമീപം ടൂറിസ്റ്റ്‌ ബസ്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ സേലത്ത്‌ നിന്ന്‌ മട്ടന്നൂരിലേക്ക്‌ വിവാഹത്തില്‍ പങ്കെടുത്ത്‌ മടങ്ങിയ ടൂറിസ്‌റ്റ്‌ ബസ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തില്‍ മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍(54),ഓമ(42), ദേവി(67),സൂര്യ(13),അതുല്‍(10) എന്നിവരാണ്‌ മരിച്ചത്‌. സംഭവ സ്ഥലത്തുവെച്ചാണ്‌ നലുപേരും മരിച്ചത്‌. അപകടത്തില്‍ പതിനേഴ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലും മറ്റ്‌ സ്വകാര്യാശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരും പോലീസും അഗ്നിശമനസോംഗങ്ങളും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ലോറിയുടെ ഒരുവശത്ത്‌ ബസിടിച്ചതിനെ തുടര്‍ന്നാണ്‌ അപകടമുണ്ടായത്‌. ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌. ഇടിയെ തുടര്‍ന്ന്‌ ബസിലെ ചിലര്‍ പുറത്തേക്ക്‌ തെറിച്ചുവീണിരുന്നു.

ബസ്സില്‍ ഡ്രൈവറും 31 യത്രക്കാരുമാണ്‌ ഉണ്ടായിരുന്നത്‌. കണ്ണൂര്‍ മട്ടന്നൂര്‍ തെരുര്‍ പാലയോട്‌ സ്വദേശികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. പോലീസ്‌ കണ്‍ട്രോള്‍ റൂം തുന്നു. നമ്പര്‍: 949798163, 9497980659, 0483-2734993.