ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ്; ശബരീനാഥ് കീഴടങ്ങി

sabarinathതിരു:ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് മൂന്ന് വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. മെയ് അഞ്ചുവരെ ശബരീനാഥിനെ റിമാന്‍ഡ് ചെയ്തു. താന്‍ ഒളിവുകാലത്ത് തീര്‍ഥാടനത്തിലായിരുന്നെന്നും പോലീസിന്റെയും ഗുണ്ടകളുടെയും പീഡനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നും ശബരീനാഥ് പറഞ്ഞു.

കുപ്രസിദ്ധമായ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് ശബരീനാഥ്. 34 കേസുകളാണ് ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ശബരീനാഥ് 2011 മാര്‍ച്ചില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ശബരീനാഥ് വിദേശത്തേക്ക് കടന്നെന്നായിരുന്നു പോലീസ് നിഗമനം.

നെയ്യാറ്റിന്‍കര സ്വദേശി ബ്രസ്റ്റന്‍ ഉള്‍പ്പെടെ 100 പേര്‍ നല്‍കിയ തട്ടിപ്പ് കേസില്‍ ജാമ്യമെടുക്കാനാണ് അഡ്വ. പി.സന്തോഷ്‌കുമാര്‍ മുഖേന ശബരീനാഥ് ഇന്ന് കോടതില്‍ ഹാജരായത്.