കള്ള് എന്ന് പറഞ്ഞ് ഷാപ്പില്‍ എന്തെങ്ങിലും കലക്കിക്കൊടുക്കുന്നത് അനുവദിക്കാനാവില്ല: മുഖ്യമന്ത്രി

തിരു :  കള്ള് ഷാപ്പ് തുറന്നുവെച്ചിട്ട് കള്ള് എന്ന് പറഞ്ഞ് എന്തെങ്ങിലും കലക്കിക്കൊടക്കുകയല്ല വേണ്ടെതെന്ന് തൊഴിലാളികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ള് ചെത്ത് വ്യവസായത്തിന്റെ അപചയത്തിന്റെ കാരണം ഈ മേഖലയിലെ തന്നെ ചിലരാണെന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഷാപ്പ് തുറന്നാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ള് വ്യവസായതൊഴിലാളികള്‍ക്കായുള്ള വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. കള്ള് ലഭിക്കുന്നുണ്ടോയെന്നും, മതിയായ തൊഴിലാളികള്‍ ഉണ്ടോയെന്നും നോക്കണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു ഷാപ്പിന്റെ പരിധിയില്‍ കുറഞ്ഞത് അഞ്ചു ചെത്തുകാരും അന്‍പത് തെങ്ങും ചെത്തണമെന്ന മാനദണ്ഡം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെടാറില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും ഒരു തെങ്ങ് പോലും ചെത്താത്ത ഷാപ്പുകളുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വ്യാപകമായി പാലക്കാട് ചിറ്റൂരില്‍ നിന്നും ചെത്തുന്ന കള്ളാണ് വിതരണം ചെയ്യുന്നത്. ഈ കള്ളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നതായി പരാതി നിലനില്‍ക്കെയാണ് മുഖ്യമന്ത്രി തൊഴിലാളികളോട് തന്നെ ഈ കാര്യം വ്യക്തമാക്കിയത്.