ബഹ്‌റൈനില്‍ ഇന്നുമുതല്‍ മഴയെത്തുന്നു

മനാമ: ബഹ്‌റൈനില്‍ ഇന്ന് മുതല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഒരാഴ്ച വരെ ഇടവിട്ട് നേരിയ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വേനല്‍ കഴിയുന്നതോടെയുള്ള ശീതകാല ആരംഭമായിട്ടാണ് മഴയുടെ വരവ് കണക്കാക്കുന്നത്. ബഹ്‌റൈനില്‍ ചെറിയ തോതില്‍ തന്നെ മഴ പെയ്താല്‍ റോഡുകളില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണുള്ളത്. ഓടകളില്‍ വെള്ളം നിറയുകയും അവ റോഡിലെ വെള്ളവുമായി കൂടിക്കലര്‍ന്ന് ഒഴുകുകയും ചെയ്യും.

മഴ പെയ്തുകഴിഞ്ഞാല്‍ വാഹനം ഓടിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. റോഡുകളില്‍ തെന്നല്‍ ഉണ്ടാകാനും ദൂരക്കാഴ്ച കുറയ്ക്കാനും സാധ്യതയുള്ളതുകൊണ്ടും വാഹനങ്ങള്‍ വരമാവധി വേഗത കുറച്ചു പോകുന്നതായിരിക്കും നല്ലതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ ആഴ്ച നവംബര്‍ 23 വരെ നേരിയ തോതില്‍ ഏത് സമയത്തും മഴയെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം പെയ്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.