കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രത്യേക പുകയില വിരുദ്ധ ക്ലിനിക്കുകള്‍ സ്ഥാപിക്കും

ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയുലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രത്യേക പുകയില വിരുദ്ധ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകപുകയില വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സമീപഭാവിയില്‍ പുകയില വിമുക്ത കേരളം എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ ചുവടുവെപ്പായി ഈ പുകയില വിരുദ്ധദിനം മാറും. എല്ലാ മെഡിക്കല്‍ കോളേജുകളിലും മിനി കാന്‍സര്‍ സെന്റര്‍ തുടങ്ങും. പുകയില നിരോധനമല്ല പുകയില വര്‍ജനമാണ് ആദ്യം വേണ്ടത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. യുവാക്കളും കൗമാരക്കാരും പുകയില വര്‍ജനത്തിനായി കൂടുതല്‍ ശ്രദ്ധിക്കണം. പുകയില നിരോധനം ഏര്‍പ്പെടുത്തിയാലുണ്ടാകുന്ന തൊഴിലാളികളുടെ പുനരധിവാസ പ്രശ്നങ്ങള്‍ കൂടെ കണക്കിലെടുക്കണം. ഇതിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുളള എല്ലാ സ്ഥാപനങ്ങളും, ആയുഷിനു കീഴിലുളള സ്ഥാപനങ്ങളും പുകയില വിമുക്തമായി മന്ത്രി പ്രഖ്യാപിച്ചു.

‘പുകയിലയും ഹൃദ്രോഗങ്ങളും’ എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശം. ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ അധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി. ആര്‍ രാജു, അഡീ. ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഐ.ജി പി. വിജയന്‍, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, ഡോ. വിപിന്‍ ഗോപാല്‍, ഡോ. ജെ സ്വപ്നകുമാരി, ഡോ. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Related Articles