തിരൂരങ്ങാടി മുന്‍പഞ്ചായത്ത് പ്രസിഡന്റ് ലീഗ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി പഞ്ചായത്തില്‍ മുസ്ലീംലീഗിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നു. തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് വിപി അഹമ്മദ്കുട്ടിഹാജി തന്റെ പഞ്ചായത്ത് അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറി.

ഏപ്രില്‍ ഒന്നിനകം താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് തീരുമാനമായില്ലെങ്ങില്‍ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുമെന്നാണ് അഹമ്മദ്കുട്ടിഹാജിയുടെ ഭീഷണി.
മുന്‍ യൂത്ത് ലീഗ് നേതാവും പിന്നീട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ഹംസകുട്ടിയുടെ ലീഗിലേക്കുള്ള പുനപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ തിരൂരങ്ങാടിയില്‍ പാര്‍ട്ടിക്കുള്ളില്‍ നീറിപുകയുന്നത്.
ഹംസക്കുട്ടിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായാണ് അഹമ്മദ്കുട്ടിഹാജി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് അബ്ദുറഹ്മാന്‍കുട്ടി പ്രസിഡന്‍വുകയും ചെയ്തു. എന്നാല്‍ ഹംസക്കുട്ടിക്ക് മെമ്പര്‍ഷിപ്പ് നല്‍കിയതില്‍ പ്രതിഷേധിച്ച് മറുവിഭാഗത്തിന്റെ കൈവശമുള്ള ചെമ്മാട് ടൗണ്‍കമ്മറ്റികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രശനപരിഹാരത്തിനായി ഇടപെട്ട ജില്ലാകമ്മറ്റി ഹംസക്കുട്ടിയുടെ മെമ്പര്‍ഷിപ്പ് മരവിപ്പിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ അഹമ്മദ്കുട്ടിഹാജിയെ രാജിക്ക് പ്രേരിപ്പച്ചിരിക്കുന്നത്.