ആശിച്ച്‌ കല്യാണം കഴിക്കാന്‍ 10 പേര്‍, മുടക്കാന്‍ 100 പേര്‍, തിന്നാന്‍ 1000 പേര്‍

TIRUR 11തിരൂര്‍: ഇത്‌ ഒരു പരസ്യവാചകമല്ല. ഒരു നാട്ടിലെ വിവാഹപ്രായമെത്തി നില്‍ക്കുന്ന ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും നിസ്സഹായാവസ്ഥയാണ്‌. കണ്ണില്‍ച്ചോരയില്ലാത്ത കല്യാണംമുടക്കികളുടെ എണ്ണം കൂടിയപ്പോള്‍ തിരൂര്‍ വെങ്ങാലൂരിലെ ചെറുപ്പക്കാര്‍ ഇവരെ നേരിടാന്‍ തന്നെ തീരുമാനിച്ചിരിക്കുകായണ്‌. ഇതിന്റെ ഭാഗമായി അങ്ങാടിയില്‍ സ്ഥാപിച്ച ബോര്‍ഡിലെ ഏറ്റവും പ്രധാനപ്പെട്ട വാചകങ്ങളാണ്‌ `ആശിച്ച്‌ കല്യാണം കഴിക്കാന്‍ 10 പേര്‍, മുടക്കാന്‍ 100 പേര്‍, തിന്നാന്‍ 1000 പേര്‍”

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വലിയ കാരണമൊന്നുമില്ലാതെ വിവാഹാലോചനകള്‍ മുടക്കുക എന്നത്‌ ശീലമാക്കിയ ഒരു വിഭാഗം എക്കാലത്തുമുണ്ട്‌. ചെറുക്കന്‍ പെണ്ണിനേ കണ്ടുകഴിഞ്ഞാല്‍ പെണ്ണിനെ കുറിച്ചോ ചെറുക്കനെ കുറിച്ചോ ആ നാട്ടില്‍ അന്വേഷിക്കാനത്തുന്ന ബന്ധുക്കളെയാണ്‌ ഇത്തരക്കാര്‍ കെണിയില്‍ വീഴ്‌ത്തുക. വളരെ സ്വാഭവികതയോടെ ഇവര്‍ നടത്തുന്ന ചില നിര്‍ദ്ദോഷമായ കമന്റുകള്‍കൊണ്ടുപോലും പണികിട്ടാറുണ്ട്‌. ” ഓനാണോ? .കുഴപ്പമൊന്നുല്യ .. ഇന്നാലും ങ്ങള്‌ വേറാരേലോടും കുടി ഒന്നന്വേഷിച്ചേക്കി……” ഈ ‘ന്നാലും…മതി ചില രക്ഷിതാക്കള്‍ക്ക്‌ അന്വേഷണം മതിയാക്കി പോകാന്‍. ഇത്തരത്തില്‍ പറഞ്ഞ്‌ അറിയാതെ തന്റെ മകളുടെ കല്യാണം തന്നെ മുടക്കിപ്പോയവരുമുണ്ട്‌

അങ്ങാടിയില്‍ കുറുക്കന്‍മാരെപോലെ പെരുമാറുന്ന ഇവര്‍ ചെറുപ്പക്കാരുടെ പുതിയ ‘പ്രേമം’സ്റ്റൈലൊന്നും തീരെ അംഗീകരിക്കില്ല. വേഗതയില്‍ ബൈക്ക്‌ ഓടിക്കല്‍, പെണ്‍കുട്ടികള്‍ ആണ്‍ കുട്ടികളോട്‌ സംസാരിക്കല്‍, ഇതൊന്നും ഇവര്‍ പൊറുപ്പിക്കില്ല. ഇവരുടെ പണികൊടുക്കല്‍ കുറച്ചകടന്നപ്പോഴാണ്‌ നാട്ടുകാരുടെ മൗനസമ്മതത്തോടെ നാട്ടിലെ ചെറുപ്പക്കാര്‍ ഇങ്ങിനെയൊരു ബോര്‍ഡ്‌ സ്ഥാപിച്ചത്‌. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവരെ തിരിച്ചറിഞ്ഞാല്‍ പ്രായം ജാതി മതം രാഷ്ട്രീയം എന്നിവ നോക്കാതെ വീട്ടില്‍ കയറി പരസ്യമായി തല്ലുമെന്നുതന്നെയാണ്‌ മുന്നറിയിപ്പ്‌. രാത്രിയുടെ മറവലില്‍ ഈ ബോര്‍ഡ്‌ ആരെങ്ങിലും പൊളിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ രഹസ്യക്യാമറയുടെ നിരീക്ഷണത്തിലാണെന്നും ബോര്‍ഡിലുണ്ട്‌. ഇതൊടെയെങ്ങിലും ഇത്തരക്കാര്‍ പിന്‍വലിയുമെന്ന പ്രതീക്ഷയിലാണ്‌ വിവാഹം കഴിക്കാനാശിച്ചു നടക്കുന്ന ചെറുപ്പക്കാര്‍.